അസാന്‍ജെയ്ക്ക് ഇക്വഡോര്‍ പൗരത്വം നല്‍കി

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് ഇക്വഡോര്‍ പൗരത്വം നല്‍കി. അഞ്ചു വര്‍ഷത്തോളമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാന്‍ജെ. പൗരത്വം ലഭിച്ചതോടെ അറസ്റ്റ് ഭയമില്ലാതെ അസാന്‍ജെയ്ക്ക് എംബസിയില്‍ നിന്നു പുറത്തിറങ്ങാനാവും. അസാന്‍ജെ ഡിസംബര്‍ 12 മുതല്‍ ഇക്വഡോര്‍ പൗരനായി മാറിയതായി വിദേശകാര്യ മന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ അറിയിച്ചു.
സ്വീഡനില്‍ ലൈംഗികപീഡന ആരോപണത്തില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് 2012ല്‍ അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. പിന്നീട് ഇദ്ദേഹത്തിനെതിരായ കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നു ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. എംബസിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ അസാന്‍ജെയെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടന്‍ പോലിസ് നീക്കമുണ്ടായിരുന്നു. വിക്കിലീക്‌സ്, യുഎസിലെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ നിരവധി രഹസ്യരേഖകള്‍ പുറത്തുവിട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അസാന്‍ജെ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നാണ് യുഎസിന്റെ ആരോപണം. ബ്രിട്ടനില്‍ അറസ്റ്റിലായാല്‍ അസാന്‍ജെയെ യുഎസിന് കൈമാറുമെന്നായിരുന്നു നിഗമനം. നയതന്ത്ര പരിരക്ഷയ്ക്കായുള്ള അപേക്ഷ ലണ്ടന്‍ നിരസിച്ചതായും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top