അസഹിഷ്ണുതയും അക്രമവും സിപിഎം മുഖമുദ്ര: സതീശന്‍ പാച്ചേനി

കണ്ണൂര്‍: സാമൂഹിക രംഗത്ത് മാനവികത നഷ്ടപ്പെടുത്താനും ഭീകരത വളര്‍ത്താനുമാണ് സിപിഎം പരിശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. നവദര്‍ശന്‍ യാത്രയുടെ ഏഴാം ദിവസത്തെ പര്യടന പരിപാടിയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയും അക്രമവും മുഖമുദ്രയാക്കിയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ അസഹിഷ്ണുത സൃഷ്ടിച്ച് പുതിയ തലമുറയ്ക്കു ബോംബും വാളുകളും നല്‍കി അക്രമത്തിലേക്ക് നയിക്കാന്‍ പരിശീലനവും പദ്ധതിയും തയ്യാറാക്കുന്നത് ഉന്നത നേതൃത്വമാണ്. ഇത്തരം ക്രിമിനലുകളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണം. അവസാനിപ്പിക്കാന്‍ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
ശുഹൈബിന്റ കൊലപാതകികളെയും അതിന് ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിന് സുപ്രിംകോടതി വരെ പോവാനും കലാപകാരികളെ ആയുധം താഴെ വയ്പിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ സുമാ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, മമ്പറം ദിവാകരന്‍, മുണ്ടേരി ഗംഗാധരന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, കെ പി സാജു, സുരേഷ് ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, രജിത്ത് നാറാത്ത്, എന്‍ പി ശ്രീധരന്‍, വി വി പുരുഷോത്തമന്‍, രജനി രമാനന്ദ്, എം കെ മോഹനന്‍, പി മുഹമ്മദ് ഷമ്മാസ്, സുധീപ് ജയിംസ്, പൊന്നമ്പത്ത് ചന്ദ്രന്‍, പി മാധവന്‍, സി ടി ഗിരിജ, കട്ടേരി നാരായണന്‍, മീരാ വല്‍സന്‍, രാഗേഷ് തില്ലങ്കേരി സംസാരിച്ചു.

RELATED STORIES

Share it
Top