അസമില്‍ മുസ്‌ലിംകള്‍ വര്‍ധിക്കുന്നു; വിവാദ പ്രസ്താവനയുമായി സൈനിക മേധാവി

ന്യൂഡല്‍ഹി: അസമിലെ ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി(എഐയുഡിഎഫ്)ന്റെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തിലാണ് മുസ്‌ലിംകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എഐയുഡിഎഫ് ശക്തിപ്രാപിക്കുന്നത്. ഇത് ജനസംഖ്യാ ഘടനയ്ക്കു ഭീഷണിയാണെന്നും റാവത്ത് പറഞ്ഞു.


ബംഗ്ലാദേശില്‍ നിന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ വര്‍ധനയെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയായ എഐയുഡിഎഫിനെ കുറിച്ചുള്ള കരസേനാ മേധാവിയുടെ പരാമര്‍ശം.  മേഖലയിലെ മുസ്‌ലിം ജനസംഖ്യ കുടിയേറ്റത്തിലൂടെ വര്‍ധിക്കുകയാണ്. ഇതാണ് ബിജെപിയേക്കാള്‍ വേഗത്തില്‍ എഐയുഡിഎഫിന്റെ വളര്‍ച്ചയ്ക്കു കാരണമാവുന്നത്. കാലങ്ങളായി തുടരുന്ന അനധികൃത കുടിയേറ്റം ആസൂത്രിതമാണ്. വടക്കുകിഴക്കന്‍ മേഖല എന്നും അസ്വസ്ഥമായി നിലനില്‍ക്കാന്‍ ചൈനയുടെ സഹായത്തോടെ പാകിസ്താനാണ് കുടിയേറ്റത്തിന് ഒത്താശ ചെയ്യുന്നത്. പ്രദേശവാസികളും കുടിയേറ്റക്കാരും തമ്മിലാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്നും റാവത്ത് പറഞ്ഞു.
ധുബ്രിയില്‍ നിന്നുള്ള എംപിയായ അജ്മല്‍ സ്ഥാപിച്ച എഐയുഡിഎഫ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 126ല്‍ 13 സീറ്റ് നേടിയിരുന്നു. ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തിനെതിരേ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. രാഷ്ട്രീയപ്പാര്‍ട്ടികളെ കുറിച്ച് പ്രസ്താവന നടത്തേണ്ടത് സൈനിക മേധാവിയുടെ ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിനും വിപുലീകരണത്തിനും ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. സൈനിക മേധാവിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഉവൈസി പറഞ്ഞു. അതേസമയം, റാവത്തിന്റെ പ്രസ്താവന മതപരമോ രാഷ്ട്രീയപരമോ അല്ലെന്ന് സൈന്യം പ്രതികരിച്ചു.

RELATED STORIES

Share it
Top