അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍; ബംഗാളി മുസ്‌ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ കാരണമാവും

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ സംസ്ഥാനത്തെ ബംഗാളി മുസ്‌ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ കാരണമാവുമെന്ന് കേന്ദ്രസര്‍ക്കാരിന് യുഎന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഓഫിസിന്റെ പ്രത്യേക പ്രതിനിധികളായ നാല് ഉദ്യോഗസ്ഥര്‍ ഈ മാസം 11ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസമിലെ ബംഗാളി മുസ്‌ലിം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ധിക്കാന്‍ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോവാനുള്ള തീരുമാനം കാരണമാവുമെന്നും കത്തില്‍ പറയുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബംഗാളി മുസ്‌ലിംകളോട് വൈരാഗ്യം വച്ചുപുലര്‍ത്തുന്ന പ്രാദേശിക അധികൃതര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശി കുടിയേറ്റക്കാരായി മുദ്രകുത്തുന്നതിനുള്ള നീക്കങ്ങള്‍ സംബന്ധിച്ച് വിവിധ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് യുഎന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. വിഭജനത്തെ തുടര്‍ന്ന് 1951ലാണ് സംസ്ഥാനത്ത് പൗരത്വ രജിസ്റ്ററില്‍ വിവരം ചേര്‍ക്കാന്‍ ആരംഭിച്ചത്. ഇത്തവണത്തെ പുതുക്കിയ രജിസ്റ്ററിന്റെ കരട് ഈ മാസം 30നു പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, അസമില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ കാരണം അതു വൈകാന്‍ സാധ്യതയുണ്ട്.
അസമില്‍ ജീവിക്കുന്നവരില്‍ ഇന്ത്യന്‍ പൗരന്മാര്‍ എത്രയെന്നാണു കണക്കെടുക്കുന്നത്. ഇന്ത്യന്‍ പൗരന്‍മാരല്ലാത്തവരെന്നു കണ്ടെത്തുന്നവരെ തടവിലിടുകയും നാടുകടത്തുകയുമടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇന്ത്യക്കാരായിട്ടും പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന ബംഗാളി മുസ്‌ലിം വിഭാഗക്കാരെയാണ് ഈ നടപടികള്‍ ബാധിക്കുക. ഇത്തരത്തില്‍ നിരവധിപേര്‍ തടങ്കലില്‍ കഴിയുന്നതായാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്.
അന്തിമ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ആരെ ഒഴിവാക്കണമെന്നോ ആരെ നിലനിര്‍ത്തണമെന്നോ സംബന്ധിച്ച് ഔദ്യോഗിക നയം നിലവിലില്ല. ഇക്കാര്യം യുഎന്‍ പ്രതിനിധികള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നവരുടെ പൗരത്വം കൃത്യമായ വിചാരണപോലുമില്ലാതെ ഒഴിവാക്കുകയും അവരെ അനധികൃത വിദേശ കുടിയേറ്റക്കാരായി കാണുകയുമാണ് അധികൃതര്‍ ചെയ്യുക. അവര്‍ക്ക് പൗരത്വം തെളിയിക്കണമെങ്കില്‍ സംസ്ഥാനത്തെ ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ ഹാജരാവണം. നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികളെ പുറത്താക്കാനാണ് രജിസ്റ്റര്‍ പുതുക്കുന്നതെന്ന് സംസ്ഥാനത്തെ ഒരു മന്ത്രി പറഞ്ഞിരുന്നു. അന്വേഷണമോ വിചാരണയോ ഇല്ലാതെ 20 ലക്ഷത്തിലധികം പേരുടെ പൗരത്വം റദ്ദാക്കപ്പെട്ടിട്ടുണ്ട്. കൃത്യവും നീതിയുക്തവുമായ അന്വേഷണത്തിനു ശേഷം മാത്രമേ പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികളിലേക്കു പോകാവൂ എന്ന് ഗുവാഹത്തി ഹൈക്കോടതി 2013ല്‍ വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനു വിരുദ്ധമായാണ് പൗരത്വം റദ്ദാക്കുന്നത്. 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്നതിന് 1955ലെ പൗരത്വനിയമത്തില്‍ വ്യവസ്ഥകളുണ്ട്. ഇതിനു വിരുദ്ധമായ നടപടികളും പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി സ്വീകരിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top