അസം സ്വദേശിയുടെ കൊല: ആയുധങ്ങള്‍ കണ്ടെടുത്തു

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ടൗണിനു സമീപം വാടകവീട്ടില്‍ താമസിക്കുകയിരുന്ന ചെങ്കല്‍തൊഴിലാളിയും അസമിലെ ദുബ്രി ജില്ലയിലെ മോദിബറ സ്വദേശിയുമായ സഹദേവ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പോലിസ് ഊര്‍ജിതമാക്കി. ഇന്നലെ ഒരാളെ കൂടി ഇരിക്കൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. സഹദേവ് റായിക്കൊപ്പം താമസിക്കുന്ന സഹോദരന്‍ ദ്രുത റായി, മരുമകന്‍ ഡെന്നി ബറൂവ ഉള്‍പ്പെടെ ഇപ്പോള്‍ എട്ടു പേരാണ് കസ്റ്റഡിയിലുള്ളത്.
മട്ടന്നൂര്‍ സിഐ എവി ജോ ണ്‍, എസ്‌ഐമാരായ വി വി പ്രദീപന്‍, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലക്കുപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. സഹദേവ് റായ് മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നാണ് കത്തിയും വലിയ കത്രികയും കണ്ടെത്തിയത്. ഇത് രണ്ടും ഇയാളുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തു. സഹദേവ് റായിയുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കഴിഞ്ഞ ദിവസം തന്നെ പോലിസിനു ലഭിച്ചിരുന്നു.
അന്നനാളം പൂര്‍ണമായും മുറിഞ്ഞ് രക്തം വാര്‍ന്നു തറയില്‍ പുല്‍പ്പായയിലും വിരിപ്പിലും മലര്‍ന്ന് കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി വെളിച്ചക്കുറവ് കാരണം നടത്താതിരുന്ന ഇന്‍ക്വസ്റ്റ് ഇന്നലെ രാവിലെ 9.30ഓടെയാണ് തുടങ്ങി. അന്വേഷണവുമായി ബന്ധപ്പട്ട് കണ്ണൂരില്‍ നിന്ന് ആറംഗ വിരലടയാള സംഘവും ഡോഗ് സ്‌ക്വാഡും രാവിലെ എത്തിയിരുന്നു. വിരലടയാള സംഘത്തിലെ സയന്റിസ്റ്റ് ഓഫിസര്‍ ശ്രുതി ലഗാല്‍, പ്രവീണ്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തി.
കണ്ണൂരില്‍ നിന്നെത്തിയ പോലിസ് നായ കിമോ മൃതദേഹത്തില്‍ നിന്ന് മണം പിടിച്ച ശേഷം ഒരു കിലോമീറ്റര്‍ ദൂരം ഓടി. മരണ വീട്ടില്‍ നിന്നു പുറപ്പെട്ട് ബ്ലാത്തൂര്‍ ടൗണ്‍ വഴി എസ്ബിടി ബാങ്ക് പരിസരത്ത് കൂടെ ചില വീടുകളുടെ മുറ്റത്തു കൂടെ പോയി കക്കട്ടുംപാറയിലെ ഗവ. മൃഗാശുപത്രിക്കടുത്താണ് നിന്നത്. സഹദേവ് റായി ജോലി ചെയ്തിരുന്നത് സിബ്ഗ കോളജ് പരിസരത്തെ ചുങ്കസ്ഥാനം ക്വാറിയിലായിരുന്നു. ഇവിടെയെത്താനും ഇതുവഴി മാര്‍ഗമുണ്ട്.
പ്രതികളെ പിടികൂടാന്‍ ടൗണിലെ കടകളിലും മറ്റുമായി സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിക്കും. ബ്ലാത്തൂര്‍ ടൗണിലെ വയലംവളപ്പില്‍ റുഖിയയുടെ ഉടമസ്ഥതയിലുള്ള തറവാട് വീട്ടില്‍ നാലുവര്‍ഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു സഹദേവ് റായി. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മൃതദേഹത്തെ സഹോദരനും മരുമകനും അനുഗമിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു. നാട്ടില്‍ കൊണ്ടുപോയി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 4250 കിലോമീറ്ററിലധികം ഓടേണ്ടത് സാഹസമാകയാല്‍ ഇവിടെ തന്നെ സംസ്‌കരിക്കാന്‍ അസാമിലെ കുടുംബാംഗങ്ങളും ബന്ധുക്കളും സമ്മതിക്കുകയായിരുന്നു.

RELATED STORIES

Share it
Top