അസം പൗരത്വ പട്ടിക: പുറത്തായ മുന്‍ അധ്യാപകന്‍ ജീവനൊടുക്കി

മംഗള്‍ഡോയ്: അസമിലെ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് റിട്ട. അധ്യാപകന്‍ ജീവനൊടുക്കി. നിരോദ് കുമാര്‍ ദാസ് (74) ആണ് സ്വവസതിയില്‍ തൂങ്ങിമരിച്ചത്. അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു അദ്ദേഹം. രാവിലെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ദാസ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് ടി ശ്രീജിത്ത് പറഞ്ഞു.
എന്‍ആര്‍സി പ്രക്രിയക്കു ശേഷം തന്നെ വിദേശിയായി ചിത്രീകരിച്ച് അപമാനിക്കുന്നതില്‍ നിന്നു രക്ഷപ്പെടാനാണ് ജീവനൊടുക്കുന്നതെന്ന് ദാസ് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ദാസിന്റെ കുടുംബാംഗങ്ങളും മിക്ക ബന്ധുക്കളും ദേശീയ പൗരത്വപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂണ്‍ 30ന്റെ പട്ടികയില്‍ നിന്നു പുറത്തായതില്‍ ദാസ് നിരാശനായിരുന്നു. ദാസിന്റെ പേര് മരവിപ്പിച്ചുവെന്നും വിദേശിയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എന്‍ആര്‍സി അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. താന്‍ 1200 രൂപ കടം വീട്ടിത്തീര്‍ക്കാനുള്ള അഞ്ച് ആളുകളുടെ പേരുകള്‍ കുറിപ്പിലുണ്ട്. കുടുംബാംഗങ്ങളോട് കടം വീട്ടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോവാന്‍ കുടുംബാംഗങ്ങളും നാട്ടുകാരും പോലിസിനെ അനുവദിച്ചില്ല. എന്‍ആര്‍സി കേന്ദ്രത്തിനെതിരേ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ പിന്മാറിയത്. ദാസിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബംഗാളി വിദ്യാര്‍ഥി ഫെഡറേഷന്‍ ജില്ലയിലെ ഖരുപേട്ടിയ മേഖലയില്‍ തിങ്കളാഴ്ച ബന്ദ് ആചരിച്ചു.

RELATED STORIES

Share it
Top