അസം പൗരത്വ പട്ടികപുറത്തായവര്‍ക്ക് അപേക്ഷ നല്‍കാന്‍ രണ്ട് മാസത്തെ സമയം

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമകരടില്‍ നിന്ന് പുറത്തായവര്‍ക്ക് സെപ്തംബര്‍ 25 മുതല്‍ വീണ്ടും അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി. 25മുതല്‍ അടുത്ത 60 ദിവസം ഇതിന് അവസരമുണ്ടാകുമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഈ ഘട്ടത്തില്‍ എതിര്‍പ്പുകളും വാദഗതികളും സമര്‍പ്പിക്കുന്നതിന് അവസരം ഒരുക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ബെഞ്ച് വ്യക്തമാക്കി.
പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കിയാണ് പൗരന്‍മാര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. എന്‍ ആര്‍ സി പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിനുള്ള ചില പ്രമാണങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്. കേസില്‍ ഒക്ടോബര്‍ 23ന് കോടതി വീണ്ടും വാദം കേള്‍ക്കും.
പരാതി ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി നേരത്തെ 30 ആയിരുന്നത് 60 ദിവസമായി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് അകത്ത് കയറാനുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ബഞ്ച് വ്യക്തമാക്കി. പരാതികള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അസം സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. പരാതികള്‍ക്കൊപ്പം വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനും വേണ്ടിയാണിത്. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന രേഖകള്‍ പോലും ഇവിടെ പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top