അസം ദേശീയ പൗരത്വ രജിസ്റ്റര്‍: ഇന്ത്യക്കാരല്ലാതായത് 40 ലക്ഷം പേര്‍

ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരെ കണ്ടെത്തുന്നതിനായി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടത്തുന്ന അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ(എന്‍ആര്‍സി)രണ്ടാമത്തെയും അവസാനത്തേതുമായ കരട് ഇന്നു പുറത്തിറക്കി. പട്ടികയില്‍ നിന്ന് ഇതോടെ ഇന്ത്യക്കാരല്ലാതായത് 40 ലക്ഷത്തോളം പേരാണ്. സംസ്ഥാനത്തെ യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്തി അവരുടെ പൗരത്വം ഉറപ്പാക്കുന്നതിനാണ് നടപടി.കനത്ത രക്ഷാസന്നാഹത്തിന്റെ നടുവിലായിരിക്കും കരട് പുറത്തിറക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളമുള്ള എല്ലാ എന്‍ആര്‍സി സേവാകേന്ദ്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ പേരടങ്ങിയ പട്ടിക ഇവിടങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. അപേക്ഷകരുടെ പേര്, വിലാസം, ഫോട്ടോഗ്രാഫുകള്‍ എന്നിവ പട്ടികയിലുണ്ടാകുമെന്ന് എന്‍ആര്‍സി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേല അറിയിച്ചു. 1971 മാര്‍ച്ച് 25നു മുമ്പ് അസമില്‍ താമസമാക്കിയ എല്ലാ ഇന്ത്യന്‍ പൗരന്‍മാരുടെ പേരുകളും എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനം ഉറപ്പുവരുത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും പോലിസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അസമിലും അയല്‍സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കേന്ദ്രം 220 കമ്പനി അര്‍ധ സായുധ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എന്‍ആര്‍സി കരട് പുറത്തിറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാള്‍ ഈയിടെ ഉന്നതതല യോഗം വിളിച്ചുകൂട്ടിയിരുന്നു. കരടില്‍ പേരില്ലാത്തവരെ സഹായിക്കാനും അവര്‍ക്ക് വിശദീകരണം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്‍ആര്‍സി കരടുപട്ടികയില്‍ പേരില്ലാത്ത യഥാര്‍ഥ പൗരന്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് ബന്ധപ്പെട്ട സേവാകേന്ദ്രത്തില്‍ അപേക്ഷ നല്‍കാമെന്നും ഹജേല പറഞ്ഞു. ഇത്തരം ഫോറങ്ങള്‍ ആഗസ്ത് 7 മുതല്‍ സപ്തംബര്‍ 28 വരെ ലഭ്യമാകും. അടുത്തപടിയായി മറ്റൊരു നിശ്ചിത ഫോറം ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 28 വരെ ലഭ്യമാക്കും. മതിയായ വാദം കേട്ട ശേഷമായിരിക്കും ഇവയില്‍ തീര്‍പ്പു കല്‍പിക്കുക. എന്‍ആര്‍സി വെബ്‌സൈറ്റ് വഴിയും അപേക്ഷകള്‍ക്ക് അവരുടെ പേരുകള്‍ പരിശോധിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top