അസം ദേശീയ പൗരത്വ രജിസ്റ്റര്‍ : കരടിന്റെ അടിസ്ഥാനത്തില്‍ നടപടി അരുതെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് പട്ടിക മാത്രമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി  പട്ടികയില്‍ പേരില്ലാത്തവരുടെ മേല്‍ ഒരുതരത്തിലുള്ള നടപടിയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
നിര്‍ദേശം നല്‍കി.
രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിച്ചുവേണം പേട്ടികയില്‍ പേരുള്‍പ്പെടുത്തുന്നത്. കരട് തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഓഗസ്റ്റ് 16ന് മുന്‍പായി കോടതിയെ അറിയിക്കണമെന്നും ഇത് പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അതു ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
പൗരത്വ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയ 3.29 കോടി പേരില്‍ 2.89 കോടി പേരുകള്‍ ഉള്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരട് പട്ടിക തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. പട്ടികയില്‍ ഇല്ലാത്തവരെ ഉടനെ തടവ് കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 40 ലക്ഷത്തോളം പേര്‍ ഇനിയും എന്ത് രേഖകള്‍ കാണിച്ചാണ് പൗരത്വം തെളിയിക്കുക എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

RELATED STORIES

Share it
Top