അസം ദേശീയ പൗരത്വ രജിസ്റ്റര്‍: പൗരത്വമില്ലാതെ 40 ലക്ഷം പേര്‍

ഗുവാഹത്തി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) രണ്ടാമത്തെ കരട് പുറത്തിറക്കിയപ്പോള്‍ 40.07 ലക്ഷം പേരുടെ ഭാവി അനിശ്ചിതത്വത്തില്‍. 3.29 കോടി അപേക്ഷകരില്‍ 40 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ പട്ടികയിലില്ല.
ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ജനറല്‍ സൈലേഷാണ് അവസാനവട്ട പട്ടിക പുറത്തുവിട്ടത്. 2,89,83,677 പേരാണ് പട്ടികയില്‍ ഇടം നേടിയത്. 40 ലക്ഷത്തിലധികം പേര്‍ എങ്ങനെയാണ് പട്ടികയ്ക്കു പുറത്തായതെന്ന ചോദ്യത്തിന്, അതിന്റെ കാരണം പരസ്യമായി പറയാനാവില്ലെന്നും വ്യക്തിപരമായി ബന്ധപ്പെട്ടാല്‍ അറിയിക്കാമെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എന്‍ആര്‍സി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞത്.
എന്‍ആര്‍സി സേവാകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇത് മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും ഡ്രാഫ്റ്റിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പരാതികളും പരിശോധിച്ചശേഷം മാത്രമേ അന്തിമപട്ടിക പ്രഖ്യാപിക്കുകയുള്ളൂ.
പട്ടികയില്‍ ഇടം ലഭിക്കാത്തവരെ ഇന്ത്യക്കാരെന്നോ അല്ലാത്തവരെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സത്യേന്ദ്ര ഖാര്‍ഗ് പറഞ്ഞു.
ആരുടെയും പേരുകള്‍ വിദേശകാര്യ ട്രൈബ്യൂണലിന് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ പുറത്തിറക്കിയ രജിസ്റ്റര്‍ എന്‍ആര്‍സിയുടെ രേഖ മാത്രമാണെന്നും അന്തിമപട്ടികയല്ലെന്നും രജിസ്ട്രാര്‍ ജനറല്‍ പറഞ്ഞു. ആക്ഷേപങ്ങളും അവകാശവാദങ്ങളും ആഗസ്ത് 30 മുതല്‍ സ്വീകരിച്ചുതുടങ്ങും. സപ്തംബര്‍ 28 വരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും പരാതി അറിയിക്കാനുള്ള അവസരം നല്‍കും. അന്തിമപട്ടിക പുറത്തിറക്കുന്ന സമയം ഇനി ലഭിക്കുന്ന പരാതികളുടെ എണ്ണം അനുസരിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top