അസം ദേശീയ പൗരത്വം പുതുക്കല്‍: കുടിയേറ്റക്കാര്‍ കടുത്ത ആശങ്കയില്‍

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പുറത്തിറക്കിയതോടെ സംസ്ഥാനത്തേക്ക് കുടിയേറിയ പതിനായിരങ്ങള്‍ ആശങ്കയില്‍.അസമിലുള്ളവര്‍ നിയമാനുസൃതരായ താമസക്കാരാണോ അനധികൃത കുടിയേറ്റക്കാരാണോ എന്ന് പരിശോധിക്കുകയാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ വഴി ചെയ്യുന്നത്. ഇങ്ങനെ പരിശോധിച്ച രേഖകളില്‍ നിന്നാണ് 1.9 കോടി പേര്‍ നിയമാനുസൃതം താമസിക്കുന്നവരാണെന്ന് അധികൃതര്‍ കണ്ടെത്തിയത്. പൗരത്വ രജിസ്‌ട്രേഷനിലൂടെ കുടിയേറ്റക്കാര്‍ തെളിയിക്കേണ്ടത് തങ്ങള്‍ 1971ന് മുമ്പ് അസമില്‍ എത്തിയവരാണെന്നാണ്. 1971 ലാണ് പാകിസ്താനില്‍ നിന്നു ബംഗ്ലാദേശ് സ്വാതന്ത്ര്യമായത്. അതിനു മുമ്പ് കുടിയേറിയവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കും. 1971ന് മുമ്പ് അസമില്‍ തന്നെ ഉണ്ടായിരുന്നവര്‍ അതു തെളിയിക്കാനാവശ്യമായ രേഖകളാണ് ഹാജരാക്കേണ്ടത്. 1951ലാണ് ആദ്യമായി എന്‍ആര്‍സി പരിഷ്‌കരിക്കണമെന്ന ആവശ്യം അസമില്‍ നിന്ന് ഉയര്‍ന്നത്.ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനും (എഎഎസ്‌യു) ഗണപരിഷതും ചേര്‍ന്ന്് 1980 ജനുവരി 18ന് കേന്ദ്രത്തിന് നിവേദനം നല്‍കി. രണ്ടു മാസത്തിനു ശേഷം ഇവര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ അസം മുന്നേറ്റം ആരംഭിച്ചു. ആറു വര്‍ഷത്തെ പ്രക്ഷോഭത്തിന് അന്ത്യം കുറിച്ച് 1985ല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അസം കരാര്‍ ഒപ്പിട്ടു. 1951നും 1961നും ഇടയില്‍ അസമില്‍ പ്രവേശിച്ച എല്ലാ വിദേശ പൗരന്മാര്‍ക്കും പൂര്‍ണ പൗരത്വം നല്‍കുമെന്നു കക്ഷികള്‍ അംഗീകരിച്ചു. എന്നിരുന്നാലും കരാര്‍ പൗരത്വ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ദുരിതമനുഭവിക്കുന്നത് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവര്‍ തന്നെയായിരിക്കും. പൗരത്വ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കായിരിക്കും ഇനിമുതല്‍ സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുക. തൊഴില്‍ ദാതാക്കള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ തൊഴില്‍ മേഖലയില്‍ നിന്നു നിരവധിപേര്‍ പുറത്തുപോവും.  എല്ലാ രംഗത്തും ഈ ന്യൂനപക്ഷത്തിനു തി രിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ അസംതൃപ്തി സംഘര്‍ഷങ്ങളിലേക്കു നയിക്കാനും സാധ്യതയുണ്ട്.  അതേസമയം, അസമിലെ മുസ്‌ലിംകള്‍ പൗരത്വ രജിസ്‌ട്രേഷനെ ഭീതിയോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നത്. മൊത്തം ജനസംഖ്യയുടെ 40 ശതമാനമായിരുന്നിട്ടുകൂടി കാലങ്ങളായി കടന്നുകൂടിയവരായും കുടിയേറ്റക്കാരായുമാണ് അവര്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഉപജീവനമാര്‍ഗം തേടാന്‍ പോവുമ്പോഴെല്ലാം അവര്‍ ബംഗ്ലാദേശി എന്നപേരില്‍ മുസ്‌ലിംകളെ മുദ്രകുത്തപ്പെടാറുണ്ട്. 1983 ഫെബ്രുവരിയില്‍ 2000ല്‍ അധികം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ കുടിയേറ്റക്കാരാണെന്നാരോപിച്ച് കൊല്ലപ്പെട്ടിരുന്നു. എന്‍ആര്‍സി പൂര്‍ത്തിയാവുമ്പോള്‍ പതിറ്റാണ്ടുകളായുള്ള അപരവല്‍ക്കരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ താമസിക്കാന്‍ തങ്ങളുടെ അവകാശം നഷ്ടപ്പെടുമോയെന്ന ഭീതിയും ഇവരെ ഭരിക്കുന്നു.

RELATED STORIES

Share it
Top