അഷ്ടമുടി കായല്‍ കൈയേറി ഫ്‌ളൈഓവര്‍പദ്ധതി തടയണമെന്നു ഹരജി; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: അഷ്ടമുടി കായല്‍ കൈയേറി ഫ്‌ളൈഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പദ്ധതി തുടരാന്‍ അനുവദിച്ചാല്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ അഷ്ടമുടി കായലുമായി ബന്ധപ്പെട്ട പ്രകൃതി സംതുലിതാവസ്ഥയെ കൂടുത ല്‍ ദോഷകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കൊല്ലം തേവള്ളി സ്വദേശി വി ഐ രാഹുലാണ് ഹരജി നല്‍കിയിരിക്കുന്നത്.
റംസാര്‍ കണ്‍വന്‍ഷന്‍ പ്രകാരം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അഷ്ടമുടിക്കായലിനെ പദ്ധതി നശിപ്പിക്കുമെന്നാണു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 100 കണക്കിന് ഇനങ്ങളിലുള്ള മല്‍സ്യ സമ്പത്തും കണ്ടല്‍ക്കാടുകളടക്കം 40 ഇനം സസ്യലതാധികളും 57ലേറെ ഇനം പക്ഷികളും നിറഞ്ഞ ഏറെ പ്രധാന്യമുള്ള ജൈവവൈവിധ്യ മേഖലയാണിത്. കൊല്ലം നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കാന്‍ കാവനാട് മുതല്‍ മേവാരം വരെ 13 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ബൈപാസ് ഉദ്ഘാടനം നടത്തുമെന്നാണ് അറിയുന്നത്. ഇതോടെ നഗരത്തിലെ കുരുക്കും തിരക്കും ഏറക്കുറെ ഒഴിവാകും. മറ്റ് ഇടറോഡുകളും ഏറെയുണ്ട്. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ് ഭാഗത്ത് നിന്ന് തോപ്പില്‍ കടവിലേക്ക് ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതിക്ക് വേണ്ടി അഷ്ടമുടിക്കായലിന്റെ എട്ട് ഏക്കര്‍ വരുന്ന പ്രദേശം കൈയേറി നികത്തിയിരിക്കുകയാണ്. കായലിന്റെ ഓലയില്‍ക്കടവു വരെയുള്ള ഭാഗത്ത് പൈലിങ് ജോലികള്‍ ചെയ്തു തൂണുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഓലയില്‍ കടവില്‍ നിന്ന് തോപ്പില്‍ കടവിലേക്കുള്ള നിര്‍മാണം നടക്കാനുണ്ട്. ഫ്‌ളൈഓവര്‍ വന്നു കഴിഞ്ഞാല്‍ അഷ്ടമുടിക്കായല്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറും.
കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വലിയ ജന സമൂഹത്തെയും ഇതു ബാധിക്കും. ഈ ഫ്‌ളൈ ഓവര്‍ അത്യാവശ്യമുള്ള ഒരു പദ്ധതിയല്ല. അതിനാല്‍, എത്രയും വേഗം ഇതിന്റെ നിര്‍മാണം തടയണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാണു ഹരജിയിലെ പ്രധാന ആവശ്യം. ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനായി പൈലിങ് നടത്തിയ തൂണുകള്‍ തകര്‍ത്തു പഴയ അവസ്ഥയിലേക്കു കായലിനെ കൊണ്ടുവരണം. അഷ്ടമുടിക്കായല്‍ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ ഡയറക്ടറേറ്റ്, കേരള വെറ്റ്‌ലാന്‍ഡ് അതോറിറ്റി, തീരമേഖല മാനേജ്‌മെന്റ്് അതോറിറ്റി എന്നിവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കണം. കായലിലെ മാലിന്യം നീക്കം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top