അഷ്ടമുടി കായലില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറയുന്നു

കൊല്ലം: ഒരു ഇടവേളയ്്ക്ക് ശേഷം അഷ്ടമുടികായലില്‍ വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് ബാഗുകളില്‍ വീടുകളിലെ മാലിന്യവും ഇവിടെ തള്ളുന്നുണ്ട്. ഇവയില്‍ നിന്നും ഉയരുന്ന രൂക്ഷഗന്ധം മണിക്കൂറോളം തങ്ങിനിന്നു പരിസരവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു.
ജില്ലാ ആശുപത്രിയിലേയും ചില സ്വകാര്യ ആശുപത്രികളിലേയും മാലിന്യങ്ങളും അഷ്ടമുടിക്കായലില്‍ തള്ളുന്നതായി പരാതി ഉയരുന്നുണ്ട്. ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷണപദാര്‍ഥങ്ങളും അഴുകിയ പച്ചക്കറികളും  പ്ലാസ്റ്റിക് പേപ്പറുകളുമാണ് കായലില്‍ തള്ളുന്നത്. അറവുശാലകളില്‍ നിന്നുള്ള മാലിന്യം  ചാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായാണ് ഇവിടെ രാത്രിയില്‍ കൊണ്ടുവന്നു തള്ളുന്നത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നിരിക്കെ അധികൃതര്‍ ഇതിനെതിരേ കണ്ണടക്കുകയാണ്. അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികാരികള്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. കൂടാതെ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയേയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതു സാരമായി ബാധിക്കുന്നതായി കായലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ പരാതിപ്പെടുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളില്‍ നിന്നും തള്ളുന്ന ഭക്ഷണമാലിന്യങ്ങളും അഷ്ടമുടി കായലിനെ മലീമസമാക്കുന്നു. കെഎസ്ആര്‍ടിസി ഗ്യാരേജിന്റെ ഓട,ജില്ലാ ആശുപത്രിയുടെ ഓട, അര്‍ച്ചന, ആരാധന തിയേറ്ററുകള്‍ക്ക് സമീപത്തുള്ള ഫിഷ് പ്രോസസിങ് യൂനിറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളിലെ കക്കൂസ് മാലിന്യങ്ങള്‍ എന്നിവ വന്നടിയുന്നതും അഷ്ടമുടി കായലിലാണ്. ബസ് സ്റ്റാന്‍ഡിനുള്ളിലെ സ്റ്റാളുകളിലെ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. ഏറെ ദുരിതം സഹിക്കേണ്ടിവരുന്നത് ഇതിനു സമീപമുള്ളം ഹൗസ്‌ബോട്ട് ടെര്‍മിനലുകളില്‍ ജോലി നോക്കുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമാണ്.  വിദേശികളും സ്വദേശികളുമായി നൂറോളം വിനോദ സഞ്ചാരികള്‍ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായും ഹൗസ് ബോട്ട് യാത്രക്കായും ഇവിടെയെത്തുന്നുണ്ട്. കേരളാ ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഷ്ടമുടികായല്‍ ശുചീകരണം നടത്തുമെന്നു പ്രഖ്യാപനം വന്നെങ്കിലും അതെല്ലാം ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. അഷ്ടമുടിക്കായല്‍ പുനര്‍ജീവിപ്പിക്കണമെന്നാവശ്യവുമായി ഡിടിപിസി സെക്രട്ടറി മുതല്‍ മന്ത്രിതലം വരെ നിവേദനം നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എംപിമാര്‍ തൊട്ട് മന്ത്രിമാര്‍ വരെ അഷ്ടമുടിക്കായല്‍ ശുചീകരണത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പലതവണ പ്രഖ്യാപനം നടത്തിയിട്ടും പിന്നീട് ഇവിടേക്ക്  തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ഒരുകാലത്തു കൊല്ലം നഗരത്തിന്റെ സൗന്ദര്യം നുകരാന്‍ എത്തുന്നവരെ ഏറെ ആകര്‍ഷിച്ചിരുന്ന അഷ്ടമുടികായലിന്റെ ഇന്നത്തെ അവസ്ഥ മാറി വീണ്ടും കായലിനു പഴയ മുഖം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

RELATED STORIES

Share it
Top