അശ്ലീല വീഡിയോ കണ്ടതിന് അധ്യാപിക വഴക്കു പറഞ്ഞു; 15 കാരന്‍ ആത്മഹത്യ ചെയ്തു


ബാംഗലൂരു: സ്‌കൂളില്‍അശ്ലീല വീഡിയോ കണ്ടതിന്  അധ്യാപിക വഴക്ക് പറഞ്ഞ വിദ്യാര്‍ഥി സ്‌കൂള്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് സംഭവം. സൈനിക സ്‌കുളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കംപ്യൂട്ടര്‍ ലാബിലിരുന്ന് അശ്ലില വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക 15 കാരനെ താക്കീത് ചെയ്യുകയും മാപ്പ് എഴുതി നല്‍കണമെന്ന ആവശ്യപ്പെട്ടതിനും പിറകെയാണ് സംഭവം. കംപ്യൂട്ടര്‍ ലാബില്‍ നിന്നിറങ്ങിയ കുട്ടി  ഉച്ചക്ക് 1.30ഓടെ സ്‌കൂളിലെ കെമിസ്്റ്ററി ലാബിലെത്തി രാസവസ്തു കുടിച്ച ശേഷം ശുചിമുറിയില്‍ കയറുകയായിരുന്നെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇതു സാധുകരിക്കുന്ന തെളിവുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയതായും പോലിസ് അറിയിച്ചു.
ശുചിമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നെന്നും പോലിസ് അറിയിച്ചു.
വൈകുന്നേരം ഹാജര്‍ രേഖപ്പെടുത്തുന്നതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സഹപാഠികളാണ് കുട്ടിയെ ശുചിമുറിയില്‍ കണ്ടെത്തിയത്. സൈനിക സ്‌കൂളിലെ താല്‍ക്കാലിക ഹോക്കി കോച്ചിന്റെ മകനാണ് മരിച്ച 15 കാരന്‍. കുട്ടിയുടെ  കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top