അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിന് ഒരു വര്‍ഷം തടവ്‌

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും.
പറവൂര്‍ മക്കാനെ മണപ്പാടം വീട്ടില്‍ ഷിഹാബ് എന്ന ഫിര്‍ദുവിനെ(33)യാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. വിചാരണയ്ക്കിടെ പെണ്‍കുട്ടിയുടെ മൊഴിയില്‍ പല പൊരുത്തക്കേടുകള്‍ കോടതി കണ്ടെത്തിയിരുന്നെങ്കിലും പ്രതി ശിക്ഷയര്‍ഹിക്കുന്നുവെന്ന് കോടതി വിധിച്ചു. വിവരസാങ്കേതികനിയമപ്രകാരമാണ് ശിക്ഷ. ചിത്രങ്ങള്‍ ഇയാള്‍ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിലും പ്രശ്‌നങ്ങളറിഞ്ഞ് ചോദിച്ച പെണ്‍കുട്ടിയുടെ സ്‌കൂള്‍ അധ്യാപികയ്ക്ക് ചിത്രങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. ഇത് നിയമപ്രകാരം പ്രചരിപ്പിച്ചതായി കണക്കാക്കാമെന്ന് കോടതി വിലയിരുത്തി.
പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയെങ്കിലും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിക്കാത്തതിനാല്‍ കുറ്റക്കാരനായി കോടതി കണ്ടെത്തിയില്ല. നോര്‍ത്ത് പറവൂര്‍ എസ്‌ഐ എസ് ജയകൃഷ്ണനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top