അശോക് മിത്രയെ ഓര്‍മിക്കുമ്പോള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
മാര്‍ക്‌സിസ്റ്റ് ധനശാസ്ത്രജ്ഞനും മുന്‍ പശ്ചിമ ബംഗാള്‍ ധനമന്ത്രിയുമായ അശോക് മിത്ര മെയ് ദിനത്തില്‍ അന്തരിച്ചു. 90 വയസ്സുള്ള ഡോ. മിത്രയുടെ മരണം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും അതൊരു നടുക്കമുണ്ടാക്കി; നഷ്ടബോധവും. ഇന്ത്യന്‍ ജനാധിപത്യവും ഇടതുപക്ഷവും വെല്ലുവിളി നേരിടുമ്പോള്‍ ഡോ. അശോക് മിത്രയുടെ അഭാവം നികത്താനാവാത്ത ശൂന്യതയാണ്.
ജനങ്ങളും ജനാധിപത്യവുമായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ ദര്‍ശനങ്ങളുടെ അടിസ്ഥാനം. അതു സംബന്ധിച്ച സമഗ്രമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായിരുന്നു അശോക് മിത്രയുടെ വ്യക്തിത്വം. ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമ്പോഴും ജ്യോതിബസുവിന്റെ കീഴില്‍ ധനമന്ത്രിയായി തുടരുമ്പോഴും അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം രാജിവച്ചു.
ഇന്ദിരാഗാന്ധിയുടെ നയങ്ങള്‍ സര്‍വാധിപത്യത്തിലേക്ക് നീങ്ങുന്നതും ബംഗാളില്‍ അര്‍ധ ഫാഷിസ്റ്റ് വാഴ്ച അടിച്ചേല്‍പിക്കുന്നതും കണ്ടാണ് ഉപദേഷ്ടാവിന്റെ പദവി വലിച്ചെറിഞ്ഞത്. ലക്ഷ്യങ്ങളില്‍ നിന്നും തത്ത്വങ്ങളില്‍ നിന്നും ഇടതു മുന്നണി ഗവണ്മെന്റ് വ്യതിചലിക്കുന്നുവെന്നു കണ്ടപ്പോള്‍ ധനമന്ത്രിപദവും രാജിവച്ചു. 'താഴോട്ടു നോക്കൂ, തിരുത്തൂ' എന്ന് സിപിഎം നേതൃത്വത്തെ അശോക് മിത്ര ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. കേന്ദ്രത്തില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ മുതലാളിത്തത്തിന്റെ ലാഭാര്‍ത്തിയോടെയുള്ള മാരകമായ കുതിപ്പ് തുടരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു.
അശോക് മിത്രയുമായി ചേര്‍ത്ത് ഓര്‍ക്കാന്‍ പല മുഹൂര്‍ത്തങ്ങളും ഉണ്ടെങ്കിലും പെട്ടെന്ന് ഓര്‍ത്തത് 35 വര്‍ഷം മുമ്പ് ശ്രീനഗറില്‍ നടന്ന ചരിത്രപ്രസിദ്ധമായ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ്. മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ആതിഥേയനായി നടന്ന യോഗം മുഖ്യമായും ചര്‍ച്ച ചെയ്തത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചാണ്. അതു സംബന്ധിച്ചു പുറപ്പെടുവിച്ച ശ്രീനഗര്‍ പ്രഖ്യാപനത്തിന്റെ മുഖ്യ ശില്‍പി അശോക് മിത്രയായിരുന്നു.
ഭരണഘടനയിലെ 356ാം വകുപ്പിന്റെ രുചിയറിഞ്ഞ ആന്ധ്രാ മുഖ്യമന്ത്രി എന്‍ ടി രാമറാവു, ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു, ബിജു പട്‌നായിക് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ യോഗത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. എന്‍ ടി രാമറാവു നേരത്തേ വിജയവാഡയില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗമാണ് ശ്രീനഗര്‍ സമ്മേളനത്തിലേക്ക് നയിച്ചത്. ഫെഡറല്‍ അധികാരാവകാശങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമായ പരിപാടി മുന്നോട്ടുവച്ച് അത് പ്രയോഗതലത്തില്‍ കൊണ്ടുവന്നു. ഫെഡറലിസം സംബന്ധിച്ച അശോക് മിത്രയുടെ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ-സാമ്പത്തിക വീക്ഷണമായിരുന്നു അതിനു കാരണം.
അശോക് മിത്രയുടെ ദൃഢനിശ്ചയമാര്‍ന്ന, ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ മുഖത്തിനുള്ളില്‍ മനുഷ്യസ്‌നേഹത്തിന്റെയും എളിമയുടെയും മറ്റൊരു മുഖം കൂടിയുണ്ട്. ശ്രീനഗര്‍ പ്രഖ്യാപനം മാധ്യമങ്ങള്‍ക്കു നല്‍കി ഡല്‍ഹിക്കു മടങ്ങുന്ന അശോക് മിത്രയോട് സമ്മേളനം റിപോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്ന ഈ ലേഖകന്‍ ഒരു അപേക്ഷ നടത്തി. അന്നത്തെ വാര്‍ത്താവിനിമയ ബന്ധങ്ങളുടെ കാലതാമസവും പരിമിതിയും മുറിച്ചുകടക്കാന്‍ ഒരു സഹായം. ശ്രീനഗര്‍ പ്രഖ്യാപന വാര്‍ത്ത കൂടെ ഡല്‍ഹിക്കു കൊണ്ടുപോകാന്‍. ഡല്‍ഹി ബ്യൂറോയില്‍ നിന്ന് ആള്‍ വന്ന് അതു ശേഖരിക്കും. 'നോ നോ. ഞാനത് നേരില്‍ കൊണ്ടുപോയി കൊടുക്കും. ഇത് നമ്മുടെ പത്രത്തില്‍ വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമല്ലേ?'
റിപോര്‍ട്ട് എഴുതി പൂര്‍ത്തിയാക്കും വരെ അദ്ദേഹം കാത്തിരുന്നു. പാലം വിമാനത്താവളത്തിലിറങ്ങി ദേശാഭിമാനിയുടെ സന്ദേശവാഹകനായി റഫി മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ 201ാം നമ്പര്‍ മുറിയില്‍ ആ കവര്‍ നേരില്‍ ഏല്‍പിച്ചാണ് ബംഗാള്‍ ധനമന്ത്രി ബംഗ ഭവനിലേക്ക് പോയത്.
സിന്‍ഡിക്കേറ്റ് നേതൃത്വത്തെ എതിര്‍ത്ത് ഇന്ദിരാഗാന്ധി പുരോഗമന മുഖച്ഛായയും സോഷ്യലിസ്റ്റ് മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിനെ നയിക്കുമ്പോഴാണ് ലോകബാങ്ക് വിട്ട് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ അധ്യാപകനായിരിക്കെ അശോക് മിത്ര ഇന്ദിരാ ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാകുന്നത്. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും വലതുപക്ഷവത്കരണത്തിലേക്കും അമിതാധികാരത്തിലേക്കും നീങ്ങുകയാണെന്നു തിരിച്ചറിഞ്ഞ് അശോക് മിത്ര രാജിവച്ചു. ഇന്ദിരാഗാന്ധിയുടെ നയങ്ങളെ എതിര്‍ത്തു. 1977 മുതല്‍ 1987 വരെ ജ്യോതിബസു മന്ത്രിസഭയില്‍ ധനമന്ത്രിയായി തുടര്‍ന്ന അശോക് മിത്രയാണ് മൂന്നു പതിറ്റാണ്ട് നിലനിന്ന ഇടതു മുന്നണിയുടെ സാമ്പത്തിക-രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
2006ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പ്രചാരണത്തെ തോല്‍പിച്ച് ഇടതു മുന്നണി വിജയിച്ചു. പാര്‍ട്ടി നേതൃത്വം വിജയാഘോഷത്തില്‍ മതിമറക്കവെ അശോക് മിത്ര മുന്നറിയിപ്പു നല്‍കി: വിജയം ആഹ്ലാദകരമെങ്കിലും ഗവണ്മെന്റ് ഇടതുപക്ഷ നയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ പ്രതിഫലനം പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശയപരമായ സ്ഥിരതയില്‍ ഉറച്ചുനിന്ന മാര്‍ക്‌സിസ്റ്റും സാമ്പത്തിക വിദഗ്ധനുമായിരുന്നു അശോക് മിത്ര. അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും സാമ്പത്തിക ഫെഡറലിസവും രാഷ്ട്രീയ സംവാദത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായി 80കളില്‍ ഇടതു മുന്നണി ഗവണ്മെന്റ് ഉയര്‍ത്തിക്കൊണ്ടുവന്നത്. അതിന്റെ മുഴുവന്‍ പകര്‍പ്പവകാശവും അശോക് മിത്രയ്ക്കാണ്. തന്റെ വിയോജിപ്പിനിടയിലും ബംഗാളിലെ ഇടതു ഗവണ്മെന്റിനെയും ഇടതുപക്ഷത്തെയും അവരുടെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ പ്രതിരോധിക്കാനാണ് അദ്ദേഹം മുന്നില്‍ നിന്നത്.
ഇടതു ഗവണ്മെന്റുകളും ആ മാര്‍ക്‌സിസ്റ്റ് നിലപാടുകളും ദൃഢനിശ്ചയവും കൈവിട്ടതിന്റെ വിപത്ത് മിത്ര ചൂണ്ടിക്കാട്ടിയതായി എം എ ബേബി വെളിപ്പെടുത്തുന്നുണ്ട്: 'ജിഎസ്ടിക്ക് എതിരായ സമരത്തില്‍ ശക്തവും വ്യാപകവുമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമായതുകൊണ്ട് നിയമപോരാട്ടത്തിന്റെ സാധ്യത അന്വേഷിക്കണമെന്നും പറഞ്ഞു.'
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നരേന്ദ്ര മോദി ഗവണ്മെന്റ് വന്നതിനു ശേഷം നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍, അതിന്റെ ആയുധമായി കേന്ദ്രം ഉപയോഗിച്ച ജിഎസ്ടി എന്നീ അടിസ്ഥാന വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും അവരുടെ നിഴലായി നീങ്ങിയ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും എന്തു നിലപാടാണ് സ്വീകരിച്ചതെന്നാണ് ബേബിയുടെ ഉദ്ധരണി തുറന്നുകാട്ടുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഇടത്തും വലത്തും നിന്ന് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുന്നതിനു സഹായവും പ്രോത്സാഹനവും നല്‍കുകയാണ് കേരളവും ത്രിപുരയും ചെയ്തത്.
നമ്മുടെ ഭരണഘടനയില്‍ നിന്ദ്യമായ ഏകാധിപത്യത്തിന്റെ കരിമരുന്ന് മണക്കുന്ന ചുരുങ്ങിയത് മൂന്നു വകുപ്പുകളുണ്ടെന്ന് അശോക് മിത്ര ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം ഇപ്പോള്‍ അതിന്റെ ഏറ്റവും ഭീകരമായ മുഖം കണ്ടുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ഭരണഘടനയില്‍ യൂനിയന്‍ ഗവണ്മെന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന വകുപ്പ്. ബ്രിട്ടിഷ് കൊളോണിയല്‍ ഭരണത്തിന്റെ പിന്തുടര്‍ച്ചയായി കിട്ടിയ, ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള വകുപ്പ്.
പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ജനാധിപത്യം മരവിപ്പിക്കുകയും ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച് ഭരണം നടത്തുകയും ചെയ്യുന്നതിലേക്ക് നമ്മുടെ ജനാധിപത്യം ഇപ്പോള്‍ വളര്‍ന്നിരിക്കുകയാണ്. വലതു ഗവണ്മെന്റുകള്‍ മാത്രമല്ല, കേരളത്തിലെ ഇടതു ഗവണ്മെന്റ് പോലും ഓര്‍ഡിനന്‍സ് ഭരണം യോഗ്യതയാക്കി മാറ്റിയിരിക്കുന്നു. ഇടതുഭരണത്തെ അടിമുടി നിരീക്ഷിക്കേണ്ടതുണ്ട് എന്ന അശോക് മിത്രയുടെ മുന്നറിയിപ്പ് ഏറ്റവും പ്രസക്തമായ സന്ദര്‍ഭത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്.    ി

RELATED STORIES

Share it
Top