അശാസ്ത്രീയ റോഡ് നവീകരണം: ഭീഷണിയായി മണ്ണിടിച്ചില്‍

മാനന്തവാടി: അശാസ്ത്രീയ നവീകരണത്തെ തുടര്‍ന്ന് വാളാട് റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലായി. മാനന്തവാടി-തലശ്ശേരി റോഡിലെ 43ാം മൈലില്‍ തുടങ്ങി വാളാട് വരെയുള്ള ഭാഗമാണ് നവീകരിച്ചത്. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി മുന്‍കൈയെടുത്ത് 2014ല്‍ റോഡ് വീതി കൂട്ടി നവീകരണത്തിനായി ഒമ്പതു കോടി രൂപ അനുവദിച്ചിരുന്നു.
റോഡിന് വീതികൂട്ടി കയറ്റം കുറച്ച് ലവലൈസ്ഡ് ടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍, കുത്തനെയുള്ള കയറ്റം കുറയ്ക്കാന്‍ റോഡിലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ സുരക്ഷാഭിത്തി കെട്ടാന്‍ എസ്റ്റിമേറ്റില്‍ തുക വകയിരുത്തിയിരുന്നില്ല. ഇതോടെയാണ് വീതി കൂട്ടിയ ഭാഗത്ത് മഴ വരുന്നതിന് മുമ്പായി തന്നെ മണ്ണിടിച്ചില്‍ ആരംഭിച്ചത്. 43ാംമൈലിന് സമീപത്ത് കുത്തനെയുള്ള കയറ്റത്തിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. മഴ ആരംഭിച്ചാല്‍ കൂടുതല്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതകളുമുണ്ട്.
ഇത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. എത്രയും വേഗം റോഡിലെ മണ്ണ് നീക്കണമെന്നും മഴക്കാലത്ത് മണ്ണ് ഇടിയാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതേ റോഡില്‍ ടാര്‍ ചെയ്ത ഭാഗം മുമ്പ് ഇടിഞ്ഞു നീങ്ങിയിരുന്നു. ഇവിടെ പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തി. ശാസ്ത്രീയമായി റോഡ് നിര്‍മിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രശ്‌നമായതെന്നാണ് നാട്ടുകാരുടെ പരാതി.

RELATED STORIES

Share it
Top