അശാസ്ത്രീയ പുലിമുട്ടും ഭിത്തിയും; കടലപകടങ്ങള്‍ വര്‍ധിക്കുന്നു

പൊന്നാനി: അശാസ്ത്രീയമായി നിര്‍മിച്ച കടല്‍ഭിത്തികളും പുലിമുട്ടുകളുമാണ് കടലപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് മല്‍സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തിലും അഴിമുഖത്തെ അടിയൊഴുക്കിലുംപെട്ട് 15 വള്ളങ്ങളാണ് കടലിലേയ്‌ക്കൊഴുകിപ്പോയത്. എട്ട്് വള്ളങ്ങള്‍ പുലിമുട്ടിലിടിച്ച് തകരുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ മാത്രം 30 ലധികം കടലപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
ഇതില്‍ 10 ലധികം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. 30 ലധികം ബോട്ടുകളും മണല്‍ത്തിട്ടയിലിടിച്ച് തകരുകയും ചെയ്തു. കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷനേടാനുള്ള ഏക വഴിയായിട്ടാണ് സര്‍ക്കാര്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത്. എന്നാല്‍ കടല്‍ത്തീരത്തെ മണ്ണൊലിപ്പ് തടയാന്‍ കടല്‍ഭിത്തികള്‍ പരിഹാരമല്ലെന്നാണ് അനുഭവം. പുലിമുട്ടും കടല്‍ ഭിത്തികളും നിര്‍മിച്ചതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് സംസ്ഥാനത്ത് പഠനങ്ങളൊന്നും നടത്തിയിട്ടില്ല. സംസ്ഥാനത്തിന് 580 കിലോമീറ്റര്‍ കടല്‍ത്തീരത്തില്‍ 90 ശതമാനവും നല്ല മണല്‍ തീരമാണ്. ഈ മണല്‍ത്തീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ തീരത്ത് വന്‍ കടല്‍ഭിത്തി ഉയര്‍ന്നിട്ടും തീരം തിര തിന്നുകൊണ്ടിരിക്കുകയാണ്. തീരത്തോടടുത്ത കടലില്‍ നിര്‍മിക്കുന്ന എന്‍ജിനീയറിങ് ഘടന മാത്രമാണ് കടല്‍ഭിത്തി. തീരത്ത് പാറക്കല്ലുകള്‍ അടുക്കിവയ്ക്കുന്നതിനെയാണ് സര്‍ക്കാര്‍ കടല്‍ഭിത്തിയെന്ന് പേരിട്ടിരിക്കുന്നത്.
തിരമാലകളുടെ ഊര്‍ജശക്തിയെ നേരിടാനുള്ള കരുത്തി ഭിത്തികള്‍ക്കില്ല. തീരത്തെ വന്‍തോതിലുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുകയാണ് ഭിത്തികള്‍. ഇതാണ് പൊന്നാനി അഴിമുഖത്ത് കടലപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതും. തീരത്ത് സ്വാഭാവികമായി മണ്ണടിയുന്നതിനുള്ള സാധ്യതയും ഭിത്തിനിര്‍മാണം തടയുകയാണ്. പൊന്നാനി അഴിമുഖത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മണല്‍ തിട്ടയിലിടിച്ച് തകര്‍ന്ന ബോട്ടുകളുടെ എണ്ണം നൂറില്‍ കൂടുതലാണ്. തീരത്തോടടുത്ത് കടല്‍ മേഖലകളില്‍ രൂപപ്പെടുന്ന തിരകളുടെ വര്‍ധിതമായ ഉയരം, ഊര്‍ജം, ഒഴുക്ക് എന്നിവയെ പ്രതിരോധിക്കുന്നതിന് പ്രകൃതിദത്തമായ മണല്‍ കൂനകള്‍ക്ക് കഴിയും. തീരത്ത് കടലിന്റെ അടിത്തട്ടിന് ആഴംകൂടാനും ഭിത്തികള്‍ കാരണമാവുന്നുണ്ട്. ചുഴലിക്കാറ്റും അതോടൊപ്പമുള്ള തിരകളും തീരത്തോടടുത്ത കരയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറക്കാന്‍ മണല്‍ത്തിട്ടകള്‍ക്ക് കഴിയും.
കടല്‍ ഭിത്തിക്കുവേണ്ടി പൊതുഖജനാവ് കാലിയാക്കി പ്രകൃതിദുരന്തം വിളിച്ചുവരുത്തുകയാണ് സര്‍ക്കാറെന്നും വിദഗ്ധര്‍ പറയുന്നു. പുലിമുട്ടുകളാണ് പൊന്നാനിയില്‍ കടലപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നതും ഇത് തിരിച്ചറിഞ്ഞിട്ടാണ്. ഇതിനു പുറമെ പുതുതായി നിര്‍മിക്കുന്ന വാണിജ്യ തുറമുഖത്തിനും പുലിമുട്ടുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും പൊന്നാനി തീരത്തെ കൂടുതല്‍ അപകടമേഖലയാക്കുന്നുണ്ട്.

RELATED STORIES

Share it
Top