അശാസ്ത്രീയ നിര്‍മാണം; റെയില്‍വേ അണ്ടര്‍ പാസേജുകള്‍ തോടുകളായി

കാസര്‍കോട്: അശാസ്ത്രീയ നിര്‍മാണം മൂലം റെയില്‍ അണ്ടര്‍ പാസേജുകളില്‍ വെള്ളക്കെട്ട്. തീരദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യത്തിനായി റെയില്‍വേ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച അണ്ടര്‍പാസേജുകളില്‍ വെള്ളകെട്ട്. മഴക്കാലമായതോടെ ജില്ലയില്‍ പുതുതായി നിര്‍മിച്ച കാസര്‍കോട് പള്ളം അണ്ടര്‍ പാസേജ് ഒഴികെ മറ്റൊരിടത്തും കാല്‍നടയാത്രപോലും സാധിക്കാത്ത സ്ഥിതിയാണ്.
തീരദേശത്ത് അശാസ്ത്രീയമായി നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് പാസേജുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയില്‍ ആവാന്‍ കാരണം. വേനല്‍കാലത്ത് പോലും വെള്ളകെട്ടുള്ള മയ്യിച്ചയിലേയും ചന്തേരയിലെയും പാസേജുകള്‍ മഴക്കാലമായതോടെ തോടായി മാറിയിരിക്കുകയാണ്. ജില്ലയില്‍ എളമ്പച്ചി, ചെറുവത്തുര്‍ മയിച്ച, കാസര്‍കോട് പള്ളം എന്നിവിടങ്ങളില്‍ 2017ലും ചന്തേര, ആരിക്കാടി എന്നിവിടങ്ങളില്‍ 2016ലുമാണ് അണ്ടര്‍ പാസേജ് നിര്‍മിച്ചത്.
എന്നാല്‍ ആരിക്കാടിയിലേയും ചന്തേരയിലേയും പാസേജില്‍ മഴക്കാലത്ത് കടന്നു പോകാന്‍ തോണി വേണമെന്നതാണ് അവസ്ഥയാണ്. അണ്ടര്‍ പാസേജ് നിര്‍മാണം അശാസ്ത്രീയമായ രീതിയിലാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. തീരദേശ പ്രദേശമായിരുന്നിട്ട് കൂടി വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. അതിനിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മൂലം ഇവിടെ വെള്ളം നിറഞ്ഞിരിക്കുകയാണ്. കുട്ടികള്‍ മുങ്ങിപ്പോകും വിധത്തിലാണ് വെള്ളമുള്ളത്. ആരിക്കാടിയില്‍ 200ല്‍പ്പരം വീടുകളിലേക്കുളള വഴിയാണ് കുളമായി മാറിയിരിക്കുന്നത്. വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനവും ഡ്രൈനേജും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതും ഇതു വരെ നടപ്പിലായിട്ടില്ല.
ചന്തേരയില്‍ അഞ്ച് കോടിയോളം രൂപ മുടക്കി നിര്‍മിച്ച അണ്ടര്‍ പാസേജില്‍ വേനല്‍ കത്തുന്ന ഏപ്രില്‍, മെയ് മാസത്തില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഒരു പ്രാഥമിക പഠനം പോലുമില്ലാതെ വയലില്‍ കൊണ്ട് പാസേജ് നിര്‍മിച്ചതാണ് ഇത്  ഉപയോഗ്യശൂന്യമാക്കാന്‍ കാരണം. മയിച്ചയില്‍ വെള്ളം മുലം ഇതു വരെ പണിപൂര്‍ത്തികരിക്കാല്‍ പോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ പാത പൂര്‍ണമായും വെള്ളത്തിലാണ്.

RELATED STORIES

Share it
Top