അശാസ്ത്രീയ നിര്‍മാണം: ചന്തേരക്കാര്‍ക്ക് ദുരിതമായി റെയില്‍വേ അടിപ്പാത

തൃക്കരിപ്പൂര്‍: ഏറെക്കാലത്തെ മുറവിളികളുടെയും നിവേദനങ്ങളുടെ ഫലമായി അനുവദിക്കപ്പെട്ട ചന്തേര റെയില്‍വേ അടിപ്പാത പ്രദേശത്തുകാര്‍ക്ക് ദുരിതമാവുന്നു. വയലില്‍ പണിത അടിപ്പാതയില്‍ വെള്ളം ഒഴുകിയെത്തുന്നതോടൊപ്പം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടുന്നു.  ഒഴുകിപ്പോകാന്‍ സംവിധാനമില്ലാതെ കെട്ടിക്കികിടക്കുന്ന വെള്ളം കൊതുകുവളര്‍ത്തു കേന്ദ്രമാവുകയാണ്.
സബ്‌വേയില്‍ വെള്ളം കയറിയതോടെ നുറുുകണക്കിനു കുട്ടികള്‍ രണ്ടു റെയില്‍ പാതകള്‍ മുറിച്ചു കടന്നു വേണം സ്‌കൂളില്‍ പോകാന്‍. വെള്ളം കെട്ടിക്കിടക്കുന്നതും രക്ഷിതാക്കളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു.ജില്ലയിലെ ഇതര സബ് വേകളിലും വെള്ളക്കെട്ടിന്റെ പ്രശ്‌നം ഉണ്ടെങ്കിലും ഇത്ര രൂക്ഷമല്ല.
ഇളമ്പച്ചിയില്‍  അനുബന്ധ റോഡും ഒഴുകിയെത്തുള്ള വെള്ളം പമ്പു ചെയ്ത് കളയാന്‍ സംവിധാനവും പൂര്‍ണ്ണമല്ലെങ്കിലും നിലവിലുണ്ട്. റെയില്‍വേ മറ്റിടങ്ങളില്‍ സബ് വേയുടെ ഇരുവശത്തും മേല്‍ക്കൂര നിര്‍മിച്ചാണ്  വെള്ളക്കെട്ട് ഒഴിവാക്കുന്നത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ  മഴവെള്ളം ഓവുചാലിലേക്ക് എത്തിക്കാന്‍ സാധിക്കും. ദക്ഷിണേന്ത്യയില്‍ പല ഡിവിഷനുകളിലും അര കിലോമീറ്റര്‍ ദൂരത്തോളം മേല്‍ക്കൂര നിര്‍മിച്ചാണ് അടിപ്പാതകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആസൂത്രണത്തില്‍ ഇക്കാര്യം ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലയിടത്തും സബ് വേകള്‍ അനുവദിച്ചതെന്ന എംപിയുടെ തുറന്നുപറച്ചില്‍ വിവാദമായിരുന്നു. വേനല്‍ക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് അടിപ്പാതയെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയിരുന്നു. ചന്തേര പടിഞ്ഞാറേക്കര നവോദയ വായനശാല നാട്ടുകാരുടെ സഹായത്തോടെ മോട്ടോറുകളുപയോഗിച്ച് സബ് വേയിലെ വെള്ളം വറ്റിച്ച് ചെളിയും മറ്റും കോരിക്കളഞ്ഞ് വശങ്ങളില്‍ ചെങ്കല്ല് പാകി വൃത്തിയാക്കിയിരുന്നു.
ചന്തേര പടിഞ്ഞാറേക്കര, കിനാത്തില്‍, എടച്ചാക്കൈ, പടന്ന തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ ദേശീയ പാതയിലെത്തിച്ചേരുന്നതിനുതകുമായിരുന്ന റെയില്‍വേ അടിപ്പാതയാണ് ഇപ്പോള്‍ ആളുകള്‍ക്ക് വിനയായത്.

RELATED STORIES

Share it
Top