അശാസ്ത്രീയ ചെക് ഡാം നിര്‍മാണം; കാര്യങ്കോട് പുഴ മരിക്കുന്നു

എ പി വിനോദ്
കാഞ്ഞങ്ങാട്: അശാസ്ത്രീയമായ ചെക് ഡാം നിര്‍മാണവും മലിനീകരണവും കാര്യങ്കോട് പുഴയെ മരണശയ്യയിലാക്കി. കര്‍ണാടകയിലെ മലനിരകളില്‍ നിന്ന് ഉദ്ഭവിച്ചു കവ്വായി കായലില്‍ പതിക്കുന്നതാണ് കാര്യങ്കോട് പുഴ. കാനംവയല്‍, രാജഗിരി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുമ്പോഴാണ് കാര്യങ്കോട് പുഴ രൂപംകൊള്ളുന്നത്. ഏത് വേനല്‍ക്കാലത്തും ശക്തമായ ജലനിരപ്പുണ്ട് ഈ പുഴയില്‍. 52 മീറ്റര്‍ ഉയരത്തില്‍ ഡാം നിര്‍മിച്ചാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാമെന്നു കരുതി കാക്കടവ് ഡാമിനു രൂപം നല്‍കി. പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കുടിവെള്ളം കുറയുമ്പോ ള്‍ പുഴയോരത്ത് കുഴികള്‍ കുത്തി കുടിവെള്ളം ശേഖരിക്കും. പുഴക്കരയിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും അനിയന്ത്രിതമായി മണല്‍ വാരുകയും ചെയ്തതോടെ പുഴ നശിച്ചു. ചെറുപുഴ ടൗണിനു സമീപം ചെക് ഡാം നിര്‍മിച്ചതാണ് പുഴയുടെ ഒഴുക്കിനു തടയിട്ടത്. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിമ്പ ആയന്നൂര്‍ പ്രദേശത്തുള്ളവര്‍ക്ക് ഒരു പാലത്തിനു വേണ്ടി ട്രാക്ടര്‍ ബേ കം ബ്രിഡ്ജ് എന്ന പേരിലാണ് ജലസേചന വകുപ്പ് പദ്ധതി തയ്യാറാക്കിയത്. പുഴയില്‍ നിന്നു ജലസേചനം ചെയ്യുന്ന 20ല്‍ താഴെ വന്‍കിട കര്‍ഷകര്‍ക്കല്ലാതെ ചെക് ഡാം കൊണ്ട് പ്രയോജനം ഉണ്ടായിരുന്നില്ല.
ചെറുപുഴയിലെ ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം ഒഴുക്കിവിടുന്നതും ചെക് ഡാമിലേക്കാണ്. പുളിങ്ങോം, ചെറുപുഴ ടൗണുകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പുഴയില്‍ തന്നെ. വേനല്‍ക്കാലത്ത് പുഴവെള്ളം ദുര്‍ഗന്ധപൂരിതമാണ്. ഈ വര്‍ഷം മഴ അവസാനിച്ചതോടെ ചെക് ഡാമിനു ഷട്ടറിട്ടു. ഇതോടെ പുഴയുടെ താഴ്ഭാഗങ്ങളിലേക്കുള്ള ഒഴുക്ക് നിലച്ചു. എട്ട് കിലോമീറ്റര്‍ അകലെ കാക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് ഏഴിമല നേവല്‍ അക്കാദമിയിലേക്കും പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രത്തിലേക്കും രാമന്തളി പഞ്ചായത്തിലേക്കും വെള്ളം എത്തിക്കുന്നത്.
തടയണയില്‍ വെള്ളമില്ലാത്തതിനാല്‍ ഡാം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ഏഴിമല നേവല്‍ അക്കാദമി അധികൃതരും സിആര്‍പിഎഫ് അധികൃതരും കണ്ണൂര്‍ ജില്ലാ കലക്ടറെ സമീപിച്ചു. ജില്ലാ കലക്ടര്‍ ഡാം തുറന്നുവിടാന്‍ ഉത്തരവിട്ടു. ഡാം വന്നതോടെ ഒരേക്കര്‍ സ്ഥലത്തു പോലും അധികമായി കൃഷി നടന്നിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പാലത്തിനു വേണ്ടി മാത്രം 30ഓളം ചെക് ഡാമുകള്‍ നിര്‍മിച്ചത് ഇപ്പോള്‍ ഉപയോഗശൂന്യമായിട്ടുണ്ട്.

RELATED STORIES

Share it
Top