അശാസ്ത്രീയത വരുത്തിവച്ച ദുരന്തങ്ങളാണ് നാട് അനുഭവിക്കുന്നത്: കലക്ടര്‍

പത്തനംതിട്ട: അശാസ്ത്രീയത വരുത്തിവച്ച ദുരന്തങ്ങളാണ് പ്രളയക്കെടുതി മൂലം നാട് അനുഭവിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ്. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ കാലാവസ്ഥ വ്യതിയാനവും പ്രളയക്കെടുതികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അശാസ്ത്രീയമായ നിര്‍മാണം, പ്രകൃതി ചൂഷണം, കൃഷിരീതികള്‍, മണല്‍വാരല്‍ എന്നുവേണ്ട മനുഷ്യന്‍ സ്വന്ത ലാഭത്തിനുവേണ്ടി കാട്ടിക്കൂട്ടിയവ വരുത്തിവച്ച ദുരന്തങ്ങളിലാണ് നാടിപ്പോള്‍. പ്രളയവും കെടുതികളും സ്വാഭാവികമായിരുന്നു. പക്ഷേ ഇതിന്റെ ഫലങ്ങളിലൂടെയുള്ള ദുരിതത്തിന്റെ ആഴം വര്‍ധിപ്പിച്ചതിനു പിന്നിലും മനുഷ്യനാണ് അദ്ദേഹം പറഞ്ഞു.
കടല്‍ പ്രക്ഷുബ്ധമാകുമ്പോ ള്‍ പ്രളയജലം സ്വീകരിക്കില്ലെന്നതിന്റെ സൂചനയാണ് കുട്ടനാട്ടില്‍ കെടുതികള്‍ രൂക്ഷമാവാന്‍ കാരണമെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ആലപ്പുഴ കായല്‍ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാര്‍ പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയിലൂടെയുള്ള ഒഴുക്കിനേക്കാ ള്‍ കൂടുതല്‍ വെള്ളം കായംകുളം കനാല്‍ വഴി തെക്കോട്ടും കൊച്ചി കായലിലേക്കും ഒഴുകുന്നുണ്ട്. ശക്തമായ തിരയുള്ളപ്പോള്‍ ഒഴുകിയെത്തുന്ന വെള്ളം കടല്‍ സ്വീകരിക്കില്ല. അഞ്ച് നദികളിലെ ജലമാണ് ആലപ്പുഴയില്‍ വന്നുചേരുന്നത്. ഇതില്‍ മൂവാറ്റുപുഴ ആറാണ് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളം എത്തിക്കുന്നത്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ നദികള്‍ക്ക് കൂടുതല്‍ ഇടം നല്‍കുകയാണ് വേണ്ടത്.
കുട്ടനാട്ടില്‍ കനാലുകള്‍ കൂടുതലുണ്ടാവണം. കുട്ടനാട്ടിലെ സാഹചര്യത്തില്‍ വീടുകളിലെത്താന്‍ വള്ളങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പോവാന്‍ റോഡ് വേണമെന്ന ചിന്താഗതി ഉണ്ടായതാണ് കെടുതികളിലേക്കു നയിക്കുന്നത്. ഇത്തരത്തില്‍ മനുഷ്യന്‍ സ്വയം വരുത്തിവച്ച ദുരന്തമാണ് ഇപ്പോഴത്തെ പ്രളയക്കെടുതികളെന്നും ഡോ. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ഡോ.മോന്‍സി വി ജോണ്‍, എന്‍ കെ സുകുമാരന്‍ നായര്‍, കെ പി കൃഷ്ണന്‍കുട്ടി, സജിത് പരമേശ്വരന്‍, ജിജോ മാത്യു, സന്തോഷ് കുന്നുപറമ്പില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top