അശാന്തി പരത്തി ആര്‍എസ്എസ്‌

നെടുമങ്ങാട്: ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി പരത്തി ആര്‍എസ്എസ് കഴിഞ്ഞ കുറച്ചു നാളായി വെമ്പായത്തും പരിസരത്തും നിരവധി പ്രകോപനങ്ങളും ആക്രമണങ്ങളും അഴിച്ചു വിടുന്നു. ഇതിന്റെ അവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസം ഇരങ്ങയില്‍ പ്രദേശത്ത് നടന്നത്.
വിവാഹ വീട്ടില്‍ ബന്ധുക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റം ഓഡിറ്റോറിയത്തില്‍ കൈയാങ്കളിയിലെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചായായി പ്രശ്‌നം ഏറ്റെടുത്ത പ്രദേശത്തെ ആര്‍എസ്എസ് സംഘം രാത്രി മാരകായുധങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ ആര്‍എസ്എസ് ഡിവൈഎഫ് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
വിവാഹ വീട്ടിലെ പ്രശ്‌നം മുതലെടുത്ത് ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തെ തുടര്‍ന്ന് ഇരുകൂട്ടരും സംഘടിക്കുകയും പോര്‍വിളി നടത്തി പ്രകടനം നടത്തിയതോടെ വെമ്പായത്തും ഇരിങ്ങയിലും നാട്ടുകാര്‍ ഭീതിയിലാണ്.
നേരത്തെ ആര്‍എസ്എസ് നിരവധി തവണ ആക്രമണ ശ്രമം നടത്തുകയും പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു വെമ്പായത്ത്. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല ദിവസം പൊങ്കാല കഴിഞ്ഞ് രാത്രി ഭരതന്നൂരിലെ ഭക്തരുമായി മടങ്ങുകയായിരുന്ന ട്രാവലര്‍ വെമ്പായം കന്യാകുളങ്ങര വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും സ്ഥലത്തെത്തിയ ആര്‍എസ്എസ് ബിജെപി സംഘം ഭക്തരെ ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം സൃഷ്ടിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയും പോത്തന്‍കോട് സ്വദേശിയുമായ ബാലമുരളിയുടെ നേതൃത്വത്തില്‍ ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞ് വെമ്പായം ജങ്ഷനില്‍ റോഡ് ഉപരോധിച്ചു.
ഇതോടെ നൂറു കണക്കിന് ഭക്തരുടെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. പ്രകോപനം സൃഷ്ടിച്ച് ഇവര്‍ നടത്തിയ ഉപരോധത്തില്‍ ഭക്തര്‍ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. വെമ്പായത്തിന്റെ പരിസര പ്രദേശമായ അകാരം, ഈന്തിവിള, മദപുരം, ഇരങ്ങയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരുടെ ശക്തി കേന്ദ്രം. ഈ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നതായും ആയുധങ്ങള്‍ എത്തിച്ച് സൂക്ഷിക്കുന്നതായും നേരത്തെ പോലിസിന് രഹസ്യ വിവരം ലഭിച്ചതായാണ് അറിയുന്നത്. എന്നാല്‍ ഇവരുടെ ആക്രമണങ്ങളിലും പ്രകോപനങ്ങളിലും പോലിസ് ശക്തമായ നടപടി എടുക്കാത്തതാണ് അക്രമികള്‍ക്ക് സഹായമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top