അവിശ്വാസ പ്രമേയം 17ന് നല്‍കും; നിലപാട് വ്യക്തമാക്കാതെ സിപിഎം

സികെഎസ്
പാലക്കാട്: നഗരസഭയില്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കേണ്ടത് ആര്‍ക്കെന്നതില്‍ വ്യക്തത വന്നതോടെ പരുങ്ങിലിലാവുന്നത് സിപിഎം. കോഴിക്കോട് മേഖല നഗരകാര്യ റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ഏപ്രില്‍ 17ന് യുഡിഎഫ് അവിശ്വാസം നല്‍കുമെന്നാണറിയുന്നത്. എന്നല്‍ ഇതുവരെ എല്‍ഡിഎഫ് തങ്ങളുടെ നിലപാട് പുറത്തറിയിച്ചിട്ടില്ല.
പ്രമേയത്തെ പിന്താങ്ങുമോയെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ഇന്നലെയും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാനത്തെ ഏക ബിജെപി നഗരസഭയെ താഴെയിറക്കാന്‍ എന്താണ് തടസ്സമെന്ന് സിപിഎം തുറന്നു പറയണമെന്നാണ് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടത്.  പ്രമേയം പിന്തുണച്ചാലും എതിര്‍ത്താലും ഉപതിരഞ്ഞെടുപ്പായ ചെങ്ങന്നൂരില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നതാണ് എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത്. യുഡിഎഫുമായി കൈകോര്‍ത്താല്‍ ബിജെപി അനു കൂല തരംഗത്തെയാണ് പാര്‍ട്ടി ഭയക്കുന്നത്. അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ ബിജെപി കോണ്‍ഗ്രസ്-സിപിഎം സഖ്യം ആരോപിച്ച് രംഗത്തെത്തിയിരുന്നു.
പ്രമേയം എതിര്‍ക്കുകയാണെങ്കില്‍ ആര്‍എസ്എസ് ബാന്ധവമാണ് സിപിഎമ്മില്‍ ആരോപിക്കപ്പെടുക. കൂടാതെ ബിജെപിയെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കാമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎം പാലക്കാട്ട് പ്രാവര്‍ത്തികമാക്കുമൊയെന്നും കണ്ടറിയണം.

RELATED STORIES

Share it
Top