അവിശ്വാസപ്രമേയം ഇന്നലെയും ചര്‍ച്ചയ്‌ക്കെടുത്തില്ല

സിദ്ദീഖ് കാപ്പന്‍   
ന്യൂഡല്‍ഹി: കാവേരി ജല തര്‍ക്കവിഷയം ഉന്നയിച്ച് എഐഎഡിഎംകെ നടത്തുന്ന പ്രതിഷേധം മൂലം തുടര്‍ച്ചയായി 16ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. ഇന്നലെയും  ലോക്‌സഭ ചേര്‍ന്നയുടന്‍ തന്നെ എഐഎഡിഎംകെ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലേക്കിറങ്ങി സഭാനടപടികള്‍ അലങ്കോലമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന  വാക്കുകളാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇന്നലെയും  ആവര്‍ത്തിച്ചത്. തോട്ട നരസിംഹം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഹമ്മദ് സലീം, ജയ്‌ദേവ് ഗല്ല എന്നിവരും മറ്റു ചില അംഗങ്ങളും അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, സഭാനടപടികള്‍ ക്രമത്തിലാവാതെ അവ പരിഗണിക്കാനാവില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
അവിശ്വാസ പ്രമേയത്തിനു മേല്‍ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സര്‍ക്കാരും ഇതാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഇതിന് കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ മറുപടി. പ്രാദേശിക കക്ഷികളെക്കൊണ്ട് അവിശ്വാസ പ്രമേയ നോട്ടീസ് കൊടുപ്പിച്ച് അവര്‍ക്കു പിന്നില്‍ പതുങ്ങിനില്‍ക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇതോടെ, സഭാനടപടികള്‍ ക്രമത്തിലാവാതെ നോട്ടീസ് പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ചു. എഐഎഡിഎംകെ, ടിഡിപി അംഗങ്ങള്‍ ബഹളംവച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡു സഭ ഇന്നത്തേക്കു പിരിഞ്ഞതായി അറിയിച്ച് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുപോയെങ്കിലും പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷത്തെ മിക്ക അംഗങ്ങളും ഇരിപ്പിടത്തില്‍ നിന്ന് പോവാന്‍ തയ്യാറായില്ല.
അതേസമയം, എഐഎഡിഎംകെയുടെ പാര്‍ലമെന്റിലെ പ്രതിഷേധം സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

RELATED STORIES

Share it
Top