അവിവാഹിതയായ പെണ്‍കുട്ടിക്ക് പിതാവ് ജീവനാംശം നല്‍കണം: ഹൈക്കോടതി

മുംബൈ: മാതാപിതാക്കള്‍ വിവാഹമോചിതരോ അകന്നുകഴിയുകയോ ചെയ്യുന്ന 18 വയസ്സ് കഴിഞ്ഞ അവിവാഹിതയായ പെണ്‍കുട്ടിക്കും പിതാവില്‍ നിന്നു ജീവനാംശം കൈപറ്റാനുള്ള അവകാശമുണ്ടെന്നു ബോംബെ ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടു മകളുടെ പേരില്‍ മാതാവിന് അപേക്ഷ സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് ഭാരതി ദാഗ്രെ വ്യക്തമാക്കി. 19കാരിയായ മകള്‍ക്ക് ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ടു മുംബൈ സ്വദേശിനിയായ യുവതി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
യുവതിയുടെ ഹരജി നേരത്തേ കുടുംബ കോടതി തള്ളിയിരുന്നു. 1988ല്‍ വിവാഹിതരായ ദമ്പതികള്‍ 1997ലാണ് പിരിഞ്ഞത്. ഇവരുടെ രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും മാതാവിനൊപ്പമാണ് ജീവിക്കുന്നത്. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ ജീവനാംശം നല്‍കിയ പിതാവ് 18 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിക്ക് ജീവനാംശം നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി താന്‍ മാത്രമാണ് ചെലവ് വഹിക്കേണ്ടി വരുകയെന്ന് മാതാവ് അറിയിച്ചു.
കൂടാതെ, ആണ്‍കുട്ടികളില്‍ ഒരാള്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുകയും രണ്ടാമത്തെയാള്‍ക്ക് ഇതുവരെ ജോലി ആവാത്തതുകൊണ്ടും തന്നെ മറ്റു വരുമാനമില്ലെന്നും യുവതി കോടതിയെ അറിയിച്ചു. നിലവില്‍ 25,000 രൂപ ജീവനാംശം ലഭിക്കുന്ന യുവതി മകള്‍ക്കായി 15,000 രൂപ കൂടിയാണ് ആവശ്യപ്പെട്ടത്.
നേരത്തേ യുവതിയുടെ ആവശ്യം കുടുംബകോടതി തള്ളിയിരുന്നു. സുപ്രിംകോടതിയുടെ മുന്‍കാല വിധിയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുന്നതു വരെ പെണ്‍കുട്ടിക്ക് പിതാവ് ജീവനാംശം നല്‍കണമെന്ന ഉത്തരവ് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top