അവില്‍ മില്‍ക്ക് കച്ചവടത്തിന് വിട ; റോബിന്‍സണ്‍ വ്രതത്തിലാണ്ശാഫി തെരുവത്ത്

കാസര്‍കോട്: ജീവിതോപാധിയായ അവില്‍ മില്‍ക്ക് കച്ചവടത്തിനു താല്‍ക്കാലികമായ വിരാമം നല്‍കി റോബിന്‍സണ്‍ വ്രതാനുഷ്ഠാനത്തില്‍ മുഴുകി. കാസര്‍കോട് കെപിആര്‍ റാവു റോഡരികില്‍ അവില്‍ മില്‍ക്ക് കച്ചവടം ചെയ്യുന്ന തിരുവനന്തപുരം പാറശ്ശാല ചിന്നൂര്‍ സ്വദേശിയായ റോബിന്‍സണ്‍ റമദാന്‍ ആരംഭിക്കുന്നതോടെ കച്ചവടം നിര്‍ത്തി വ്രതാനുഷ്ഠാനത്തില്‍ മുഴുകുകയാണ്. ഓരോ വര്‍ഷം റമദാനിലും 15-20 നോമ്പുകള്‍ ഇദ്ദേഹം അനുഷ്ഠിക്കാറുണ്ട്. നോമ്പിനെക്കുറിച്ച് മുസ്‌ലിം സുഹൃത്തുക്കളില്‍ നിന്നാണ് കൂടുതലും അറിയാന്‍ സാധിച്ചതെന്ന് റോബിന്‍സണ്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഒരു രസത്തിനു നോമ്പെടുത്തു. പിന്നെ ഓരോ റമദാനിലും നോമ്പിന്റെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 15ലധികം നോമ്പ് നോറ്റു. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിക്കും. മഗ്‌രിബ് ബാങ്ക്‌വിളി കേള്‍ക്കുന്നതോടെ നോമ്പ് മുറിക്കും. പാറശ്ശാല ചിന്നൂര്‍ സ്വദേശിയായ 41കാരനായ റോബിന്‍സണ്‍ 34 വര്‍ഷം മുമ്പാണ് കുടുംബസമേതം കാസര്‍കോട്ട് എത്തിയത്. നെല്ലിക്കുന്ന് കടപ്പുറത്താണ് താമസം. പിതാവ് മല്‍സ്യത്തൊഴിലാളിയായിരുന്നു. 2002ല്‍ സുഹൃത്ത് പള്ളങ്കോട്ടെ അഷ്‌റഫിന്റെ സഹായത്തോടെ അവില്‍ മില്‍ക്ക് കച്ചവടം തുടങ്ങി. രാവിലെ 9 മുതല്‍ രാത്രി 9 വരെ റോഡരികില്‍ തന്നെ കച്ചവടം നടത്തും. വൈകി പഴയ ബസ്സ്റ്റാന്റിലെ എംജി റോഡില്‍ കുറച്ചു സമയം കച്ചവടം നടത്തും. റമദാനില്‍ പകല്‍സമയത്ത് മുസ്‌ലിംകള്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ തന്റെ കച്ചവടത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നു. ഇതോടെയാണ് താന്‍ റമദാനില്‍ കച്ചവടം നിര്‍ത്തിയതെന്ന് റോബിന്‍സണ്‍ പറഞ്ഞു. നോമ്പ് അനുഷ്ഠിക്കാത്ത ദിനങ്ങളില്‍ മല്‍സ്യബന്ധനം നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്.

RELATED STORIES

Share it
Top