അവസാന മണിക്കൂറിലും കൊണ്ടും കൊടുത്തും മോദിയും രാഹുലും

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പു പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപണ, പ്രത്യാരോപണങ്ങളുമായി ഇന്നലെ നേര്‍ക്കുനേര്‍.
നാളുകള്‍ നീണ്ട തിരഞ്ഞെടുപ്പു  പര്യടനത്തിനൊടുവില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്ന വിവാദങ്ങള്‍ ബാക്കിയാക്കിയാണു രണ്ടു നേതാക്കളും ഇന്നലെ കളം വിട്ടത്.
രാഹുല്‍ഗാന്ധിക്കെതിരേ കടുത്ത ആക്ഷേപങ്ങളാണു പ്രധാനമന്ത്രി ഇന്നലെ ചൊരിഞ്ഞത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും രാഹുല്‍ അഹങ്കാരിയും ധിക്കാരിയുമാണെന്ന് നരേന്ദ്രമോദി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാവാന്‍ സന്നദ്ധനാണെന്ന കഴിഞ്ഞദിവസത്തെ രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലാണു മോദിയെ ചൊടിപ്പിച്ചത്.
രാഹുലിന്റെ പ്രസ്താവന തെളിയിക്കുന്നത് ധാര്‍ഷ്ട്യമാണെന്നായിരുന്നു മോദിയുടെ പരാമള്‍ശം. നാല് പതിറ്റാണ്ടു വരെ  അനുഭവസമ്പത്തുള്ളവര്‍ കോണ്‍ഗ്രസ്സിലുള്ളപ്പോള്‍ അവരെയെല്ലാം തള്ളിയാണു രാഹുലിന്റെ പ്രഖ്യാപനം.
താന്‍ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് എങ്ങനെയാണ് ഒരാള്‍ക്കു പ്രഖ്യാപിക്കാനാവുകയെന്നും അദ്ദേഹത്തിന് എങ്ങനെയാണു പ്രധാനമന്ത്രിയാവാന്‍ കഴിയുകയെന്നും മോദി ചോദിച്ചു.
2019ല്‍ പ്രധാനമന്ത്രിയാവുമെന്ന് രാഹുല്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതുപോലെ പക്വതയില്ലാത്ത ഒരാളെ ഇന്ത്യ അംഗീകരിക്കുമോയെന്നും മോദി പരിഹസിച്ചു.
ബംഗാരപ്പേട്ടയില്‍ നടന്ന ബിജെപി റാലിയിലാണു രാഹുലിനെതിരായ മോദിയുടെ പരാമര്‍ശം.
അതേസമയം, കളങ്കിതരുടെ തോളില്‍ കൈയിട്ട് നടക്കുന്ന നരേന്ദ്രമോദിക്ക് പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ ആക്ഷേപിക്കാന്‍ എന്ത് അവകാശമെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെയാണു മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി നടക്കുന്നത്. യദ്യൂരപ്പയെപ്പോലൊരു കളങ്കിതനു വേണ്ടിയാണു രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും രാഹുല്‍ നഗരത്തിലെ അവസാന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിലൊക്കെ രാഹുല്‍ഗാന്ധിയെ അവഗണിക്കുന്ന സമീപനമാണു നരേന്ദ്രമോദി സ്വീകരിച്ചിരുന്നത്. എന്നാല്‍, അവസാന ഘട്ടത്തില്‍ രാഹുല്‍തരംഗം ബോധ്യപ്പെട്ടതോടെ മോദി ശൈലി മാറ്റാന്‍ നിര്‍ബന്ധിതനായെന്നാണു വിലയിരുത്തല്‍.

RELATED STORIES

Share it
Top