അവസാനത്തെ ആള്‍'

താ വാ ഉയി' (ഞാന്‍ മരിക്കുകയാണ്)- യുവാന്‍ പറഞ്ഞു. പറഞ്ഞത് അമാദിയോയോട് ആയതുകൊണ്ട് അയാള്‍ക്ക് അതു മനസ്സിലായി. കാരണം, തോഷിറോ എന്ന ഭാഷ അറിയാവുന്ന ഏക മനുഷ്യന്‍ അമാദിയോ ഗാര്‍ഷ്യാ ഗാര്‍ഷ്യായാണ്. അയാളുടെ സഹോദരനായ യുവാന്‍ മരിക്കുന്നത് 20ാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷം.പെറുവിലെ ആമസോണ്‍ വനാന്തരങ്ങളില്‍, ആധുനികലോകത്തില്‍ നിന്ന് അകന്നുജീവിക്കുകയായിരുന്ന തോഷിറോ ഗോത്രം, വേട്ടയാടി ഉപജീവനം കഴിച്ചു ശീലിച്ച മനുഷ്യവര്‍ഗത്തിന്റെ അവശേഷിക്കുന്ന കണ്ണാടിയായിരുന്നു. പോയ ശതകത്തിന്റെ അന്ത്യനാളുകളില്‍ അവരെ കാണാനിടയായത് ചില ക്രിസ്ത്യന്‍ പാതിരിമാരും റബര്‍ ടാപ്പര്‍മാരും മാത്രം. മലേറിയ ബാധിച്ച് അവശനായ യുവാനെ ഇന്‍ടുടൊ എന്ന കൊച്ചുപട്ടണത്തിലെ ക്ലിനിക്കിലേക്ക് അമാദിയോ കൊണ്ടുവന്നത് വഞ്ചിയിലാണ്. പള്ളിമണി മുഴങ്ങി; യുവാന്റെ ജഡം സംസ്‌കരിക്കപ്പെട്ടു.പട്ടണത്തില്‍ താമസിക്കുന്ന അമാദിയോവിനു മുറിഞ്ഞ സ്പാനിഷില്‍ കുറച്ചൊക്കെ സംസാരിക്കാന്‍ പറ്റും. പക്ഷേ, അയാള്‍ക്കു നല്ലപോലെ അറിയാവുന്നത് മാതൃഭാഷയായ തോഷിറോ മാത്രം. പക്ഷേ, അതു കേട്ടാല്‍ മനസ്സിലാവുന്ന അവസാനത്തെയാളാണ് യുവാനോടൊപ്പം ഇല്ലാതായത്. സ്വന്തം അഭയാര്‍ഥികളായി കഴിഞ്ഞ തോഷിറോകളുടെ കാരണവരായിരുന്നു അമാദിയോയുടെ അച്ഛന്‍.ഒരു മനുഷ്യനോടൊപ്പം ഒരു ഭാഷയും ഭാഷയോടൊപ്പം        സംസ്‌കാരവും മരിക്കുകയാണ്.

RELATED STORIES

Share it
Top