അവശതകള്‍ മറന്ന് ഉള്‍ക്കരുത്ത് നേടി അവര്‍ കര്‍മരംഗത്തേക്കിറങ്ങി

മലപ്പുറം: അവശതകള്‍ മറന്ന് ആടിയും പാടിയും ഉള്‍ക്കരുത്ത് നേടിയും അവര്‍ കര്‍മരംഗത്തേക്കിറങ്ങി. പെരിന്തല്‍മണ്ണ നഗരസഭയുടെ കീഴില്‍ നടന്ന ആറാമത് ദശദിന സാന്ത്വനം പുനരധിവാസ ക്യംപിനാണ് വ്യാഴാഴ്ച സമാപനമായത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വിഭാഗത്തിന് പത്ത് ദിനരാത്രങ്ങളിലായി വൈദ്യപരിചരണം, സ്വയംതൊഴില്‍ പരിശീലനം, മാനസികോല്ലാസ പരിപാടികള്‍ എന്നിവ നല്‍കി. 2013 ലെ ഒന്നാം ദശദിന ക്യാംപ് മുതല്‍ ആറാം ക്യാംപ് വരെ ഈ വിഭാഗത്തെ വീടുകളില്‍നിന്ന് പുറം ലോകത്തേക്ക് കൊണ്ടു വരുമ്പോള്‍ വീല്‍ചെയറുകളില്‍ മാത്രം ഒതുങ്ങി കൂടുകയായിരുന്നു ഇവരില്‍ പലരും.
ഇവിടെനിന്ന് സ്വന്തമായി സഞ്ചരിച്ച് ക്യാംപുകളില്‍ സ്വായത്തമാക്കിയ തൊഴില്‍ പരിശീലനം വഴി നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തി ജീവിത സംതൃപ്തി കണ്ടെത്തിയവരുമുണ്ട് കുട്ടത്തില്‍. മറ്റൊരു വിഭാഗം മ്യൂസിക് വീല്‍സ് എന്ന സംഘത്തിന് രൂപം നല്‍കി തങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിച്ചു. മറ്റു ചിലര്‍ എഴുത്തും, കഥ, കവിതാ രചനയുമായി ജീവിതത്തില്‍ ആശ്വാസം കണ്ടെത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്യാംപില്‍നിന്ന് കംപ്യൂട്ടര്‍ ഗ്രാഫിക് പഠനം പൂര്‍ത്തിയാക്കിയ 15 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അടുത്ത ഒരു വര്‍ഷത്തിനകം നഗരത്തിലെ ഒരു പ്രധാന തൊഴില്‍ശക്തിയായി വളരുമെന്ന ക്യാംപഗങ്ങളുടെ പ്രതിജ്ഞയോടെയാണ് ആറാമത് സാന്ത്വനം ക്യാംപ് സമാപിച്ചത്.
സമാപന സമ്മേളനം സിനിമ, മിമിക്രി കലാകാരന്‍ കലാഭവന്‍ നവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, ഡിവൈഎസ്പി മോഹനചന്ദ്രന്‍ സംസാരിച്ചു.


RELATED STORIES

Share it
Top