അവളുടെ ജീവിതം അവള്‍ക്കു വിട്ടുകൊടുക്കൂ

അവകാശങ്ങള്‍  നിഷേധങ്ങള്‍ - അംബിക
ഒരു വനിതാ ദിനം കൂടി കടന്നുപോയിരിക്കുന്നു. വ്യത്യസ്തമായ നിരവധി ആചരണങ്ങള്‍ വിവിധ സംഘടനകളുടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടന്നു. രാത്രിയിലെ കൂട്ടയോട്ടവും നഗരം കൈയടക്കലും നാടകവും നൃത്തവും പാട്ടും പ്രസംഗങ്ങളും സെമിനാറും ആദരിക്കലുകളും എല്ലാമായി ആഘോഷം കേമമായി നടന്നു.
സ്ത്രീകളും പെണ്‍കുട്ടികളും അവകാശബോധമുള്ളവരും ഉത്തരവാദിത്തബോധമുള്ളവരും ആയി മാറുന്നുണ്ടെങ്കിലും പുരുഷാധിപത്യ വ്യവസ്ഥയും അതിന്റെ മൂല്യബോധങ്ങളും അവരെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ആണ്‍കോയ്മാ ക്രമം നിലനിര്‍ത്തുന്നതില്‍ മതം, ഭരണകൂടം, കുടുംബം, സമൂഹം, മാധ്യമങ്ങള്‍ എന്നിവയെല്ലാം അവയുടേതായ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇവയെല്ലാം 'അനുവദിക്കുന്ന' പരിധികളും പരിമിതികളുമുണ്ട്. അതിനപ്പുറത്തേക്ക് അവര്‍ എത്തിനോക്കുക പോലും ചെയ്തുകൂടെന്നതാണ് അവസ്ഥ.
ഇഷ്ടമുള്ള ജോലി ചെയ്യാനും കഴിവ് പ്രകടിപ്പിക്കാനും മനസ്സിനിണങ്ങിയ ഇണയെ സ്വീകരിക്കാനും സ്വന്തം താല്‍പര്യമനുസരിച്ച് ജീവിക്കാനും അഭിപ്രായപ്രകടനം നടത്താനും പൊതുകാര്യങ്ങളില്‍ ഇടപെടാനും സ്ത്രീകള്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴും കേരളത്തിലടക്കം നിലനില്‍ക്കുന്നത്. ഇതെഴുതുമ്പോള്‍ രണ്ടു പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കണമെന്നു തോന്നുന്നു.
ഒന്ന് 24 വയസ്സുള്ള ഡോ. ഹാദിയ. സുപ്രിംകോടതി വരെ എത്തി നിയമപോരാട്ടം വേണ്ടിവന്നു അവള്‍ക്ക് വിവാഹം ചെയ്ത പുരുഷനൊപ്പം ജീവിക്കാന്‍. ഹാദിയ അവള്‍ അടുത്തറിഞ്ഞപ്പോള്‍ താല്‍പര്യം തോന്നിയ ഇസ്‌ലാം മതം സ്വീകരിച്ചതോടെയാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം പ്രയോജനപ്പെടുത്തുക മാത്രമാണ് അവള്‍ ചെയ്തത്. എന്നാല്‍, സംഘപരിവാര ശക്തികളുടെ ഘര്‍വാപസി അടക്കമുള്ള പീഡനങ്ങള്‍ക്ക് വിധേയയായി വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു.
ഇതില്‍ നിന്നു വ്യത്യസ്തമല്ല നജ്മയുടെ അനുഭവം. ഇവിടെയും വിലക്കുമായി എത്തുന്നത് മതത്തിന്റെ പേരിലാണ്. 21കാരിയായ നജ്മ തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയാണ്. പഠിക്കാന്‍ മിടുക്കിയാണ്. കേരള സര്‍വകലാശാലയില്‍ മലയാളം എംഎക്ക് പഠിക്കുന്നു. വിവാഹിതയാണ്. ഭര്‍ത്താവിന് ഗള്‍ഫിലാണ് ജോലി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നജ്മയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നു. അന്നു മുതല്‍ അവളും വീട്ടുകാരുമെല്ലാം പ്രശ്‌നത്തിലാണ്. ദലിത് വിഭാഗത്തില്‍പ്പെട്ട പറയ സമുദായത്തിന്റെ കഥ അവള്‍ ഡോക്യുമെന്ററി ആക്കാന്‍ തീരുമാനിച്ചു. ഡോക്യുമെന്ററിയുടെ ജോലി ഏതാണ്ട് പൂര്‍ത്തിയാക്കാനായതിന്റെ ആഹ്ലാദത്തിലായിരുന്നു നജ്മ. അതിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഫോണ്‍കോള്‍: ''നീയൊരു മുസ്‌ലിം പെണ്‍കുട്ടിയല്ലേ? വിവാഹിതയല്ലേ? ഇത്തരം ചീത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് വേണ്ടെന്നു പറയാന്‍ നിന്റെ നാട്ടില്‍ ആരുമില്ലേ? മര്യാദയ്ക്ക് എല്ലാം അവസാനിപ്പിച്ചോ. അല്ലെങ്കില്‍ ഞങ്ങളത് നിര്‍ത്തിപ്പിക്കും.''
ഇക്കാര്യം വീട്ടില്‍ അറിഞ്ഞതോടെ വീട്ടുകാര്‍ക്ക് പ്രശ്‌നമായി. അവര്‍ ഉടനെ ഡോക്യുമെന്ററിയുടെ ജോലി നിര്‍ത്തണമെന്നു പറഞ്ഞു. അവള്‍ ഇപ്പോള്‍ ആകെ പ്രശ്‌നത്തിലാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ ഡോക്യുമെന്ററിയുടെ ജോലി ചെയ്തത്. അതു തുടരാനാവില്ലെന്ന വീട്ടുകാരുടെ അഭിപ്രായം അവളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവള്‍ പറയുന്നത് ''ഞാനൊരു മതവിശ്വാസിനിയാണ്. അതനുസരിച്ചാണ് ജീവിക്കുന്നത്. അങ്ങനെത്തന്നെ എന്നും തുടരണമെന്നും ആഗ്രഹമുണ്ട്. ഡോക്യുമെന്ററി എടുക്കുന്നതും മതവിശ്വാസവും തമ്മില്‍ എന്തു ബന്ധമാണുള്ളത്'' എന്നാണ്.
കഴിവും തന്റേടവുമുള്ള ഒരു പെണ്‍കുട്ടിക്ക് ഡോക്യുമെന്ററി എടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനു തടസ്സം നില്‍ക്കുന്നത് എന്തിന്റെ പേരിലായാലും അനുവദിച്ചുകൂടാ. അവളുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും സാമൂഹിക പ്രതിബദ്ധതയും ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഹാദിയയുടെ ഷഫിന്‍ ജഹാനെപ്പോലെ സുപ്രിംകോടതിയില്‍ പോയിട്ടാണെങ്കിലും ആ അവകാശം നേടിയെടുക്കുക തന്നെ വേണം. വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഉടനെ ഇടപെടണം. അതേസമയം,  ഡോക്യുമെന്ററിക്ക് വീട്ടുകാര്‍ അര്‍ധസമ്മതം മൂളാനിടയുണ്ടെന്ന് അവള്‍ക്കു പ്രതീക്ഷയുമുണ്ട്.
ജീവിതം ഇഷ്ടമുള്ള ജോലി ചെയ്ത് സന്തോഷത്തോടെ ജീവിക്കാനുള്ളതാണ്. അതുകൊണ്ട് നജ്മയെ വെറുതെ വിടണം. അവള്‍ നല്ല ഡോക്യുമെന്ററിക്കുള്ള അവാര്‍ഡൊക്കെ വാങ്ങട്ടെ. അവളെ നമുക്കെല്ലാം ചേര്‍ന്ന് പിന്തുണയ്ക്കാം. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതപ്രശ്‌നങ്ങളെ അവള്‍ ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തിക്കട്ടെ.

RELATED STORIES

Share it
Top