അവരെന്നെ കൊന്നിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 7


കെ എ സലിം

കനബാല്‍ സൈനിക ക്യാംപിലെ ബ്രിഗേഡിയര്‍ എം പി സിങില്‍ നിന്നായിരുന്നു തുടക്കത്തില്‍ തനിക്കു നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നതെന്നു ലിയാഖത്ത് കോടതിയില്‍ കൊടുത്ത മൊഴിയിലുണ്ട്. ആറു മാസത്തിനുള്ളില്‍ ഇഖ്‌വാന്‍ വളര്‍ന്നു. അല്‍ ജിഹാദ്, ജെകെഎല്‍എഫ് തുടങ്ങിയ സംഘടനകളില്‍ നിന്നു യുവാക്കള്‍ ഇഖ്‌വാനില്‍ ചേരാന്‍ തുടങ്ങി. അംഗസംഖ്യ 500ലധികമായി വളര്‍ന്നു. തുടര്‍ന്നു ശാന്തനു ചൗധരിയും കിഷന്‍പാലും ലിയാഖത്തിന്റെ സ്വന്തമായി. ഡല്‍ഹി ആഭ്യന്തര മന്ത്രാലയവുമായി ചൗധരി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും ലിയാഖത്ത് പറയുന്നു.

[caption id="attachment_429036" align="alignnone" width="560"] ഹാന്‍ദ്വാരയില്‍ ഗ്രാമങ്ങളിലെ യുവാക്കളെ സൈനികര്‍ പിന്നില്‍ കൈകെട്ടിയിരുത്തിയിരിക്കുന്നു(1996ലെ ചിത്രം)[/caption]

ആളുകള്‍ക്കിടയില്‍ നിന്നു തങ്ങള്‍ ഒറ്റുകാരെ കണ്ടെത്തി. അവര്‍ തന്ന രഹസ്യവിവരങ്ങള്‍ സൈന്യത്തിന് കൈമാറി. സൈന്യത്തിന്റെ വയര്‍ലെസുകള്‍ തങ്ങളുടേതുമായി ബന്ധിപ്പിച്ചിരുന്നു. ഓപറേഷനുകള്‍ക്കിടെ അതിലൂടെ സൈന്യവുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇഖ്‌വാനികള്‍ക്കുള്ള പണം സൈന്യത്തിലൂടെയായിരുന്നു വന്നിരുന്നത്. ജനറല്‍ കിഷന്‍പാല്‍ നേരിട്ടും തരാറുണ്ടായിരുന്നു. ഓരോ സാധാരണ ഇഖ്‌വാനിക്കും മാസം 3000 വീതം ലഭിച്ചു. 4500 രൂപ വരെയായിരുന്നു കമാന്‍ഡര്‍മാരുടെ ശമ്പളം. സൈന്യത്തിനൊപ്പം ഓപറേഷനിറങ്ങുമ്പോള്‍ തോക്കുകളും വെടിക്കോപ്പുകളും തുല്യമായി വീതംവയ്ക്കും. തോക്കുകള്‍ സൈനികര്‍ എത്തിച്ചുതരും. സ്‌ഫോടക വസ്തുക്കള്‍ സൈനിക ക്യാംപില്‍ നേരിട്ട് പോയി കൈപ്പറ്റണം. ആവശ്യത്തിനു മദ്യവും തരും. 2003 വരെ ഇതു തുടര്‍ന്നു. സമാനമായിരുന്നു മുസ്‌ലിംമുജാഹിദീന് നല്‍കിയ തുകയും.

ഈ സംഘങ്ങള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അനന്തനാഗ് കാടിപോരയിലെ റിയാസ് അഹമ്മദ് ഖാന്‍ പറയുന്നതു നോക്കുക. 1995 ജൂലൈ എട്ടിനു പുലര്‍ച്ചെ മുസ്്‌ലിം മുജാഹിദീന്‍ പ്രാദേശിക നേതാവായ പിന്‍ജിനും സംഘവും വീട്ടില്‍ വന്നു. എന്റെ തൊട്ടയല്‍ക്കാരനായിരുന്നു അയാള്‍. പുലര്‍ച്ചെ അഞ്ചരയായിട്ടേയുള്ളൂ. വാതില്‍ തുറന്ന എന്നെ പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുപോയി. എന്റെ മാതാപിതാക്കളും വല്യുമ്മയും അകത്ത് നിന്ന് ഓടിവന്നു.

ഇവനെക്കൊണ്ടൊരു കാര്യമുണ്ടെന്നു പറഞ്ഞ് വാഹനത്തിലേക്കു കയറ്റി. എന്റെ കാലില്‍ ചെരിപ്പു പോലുമുണ്ടായിരുന്നില്ല. ജില്ലാ ഫോറസ്റ്റ് ഓഫിസിലേക്കാണ് നേരെ കൊണ്ടുപോയത്. എന്റെ വസ്ത്രങ്ങളെല്ലാം അവര്‍ വലിച്ചഴിച്ചു. കൈകാലുകള്‍ ചേര്‍ത്തുകെട്ടി നിലത്തുകിടത്തി മുഖത്തൊരു ടൗവ്വല്‍ ചേര്‍ത്തുവച്ച് വെള്ളമൊഴിക്കാന്‍ തുടങ്ങി. സൈന്യം കശ്മീരില്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പാനി പരേഡെന്ന ക്രൂരമായ പീഡനമുറയായിരുന്നു അത്. യുഎസ് സൈന്യം ഇറാഖില്‍ പ്രയോഗിച്ച വാട്ടര്‍ ബോംബിങിന്റെ മറ്റൊരു രൂപം. നിന്റെ കൈയില്‍ അഞ്ചു തോക്കുകളും വെടിയുണ്ടകളുമുണ്ട്. അത് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്. അയാള്‍ ചോദിച്ചുകൊണ്ടിരുന്നു.

രണ്ടാം ഡിഗ്രി വിദ്യാര്‍ഥി മാത്രമായിരുന്ന എന്റെ കൈയില്‍ തോക്കൊന്നുമുണ്ടായിരുന്നില്ല. നീയത് തോട്ടത്തില്‍ ഒളിപ്പിച്ചു വച്ചില്ലേ? അത് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്തിനാണു എന്നെ പീഡിപ്പിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു.
പൊട്ടിയ ഒരു പ്ലാസ്റ്റിക് ബക്കറ്റ് അവര്‍ കത്തിച്ച് എന്റെ മുതുകിനു മുകളില്‍പിടിച്ചു. ഉരുകിയ പ്ലാസ്റ്റിക് തീയോടെ എന്റെ ദേഹത്തേക്കു വീണുകൊണ്ടിരുന്നു. മുളക് മുറിച്ചെടുത്ത് എന്റെ മുഖത്തു തേച്ചു. തുടര്‍ന്ന് ദേഹത്ത് വീണ്ടും വെള്ളമൊഴിച്ച് വെയിലത്തു കൊണ്ടിരുത്തി.

അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി പീഡനം. അവര്‍ എന്റെ മലദ്വാരത്തിലേക്കു കുപ്പി കുത്തിക്കയറ്റി. അവരെന്നെ കൊന്നിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു. സഹിക്കാനാവാതെ ആയുധം കാണിച്ചു തരാമെന്നു ഞാന്‍ പറഞ്ഞു. ദേഹത്ത് നിന്ന് ചോരയൊഴുകുന്ന എന്നെ കൈകള്‍ വിലങ്ങു വച്ച് തോട്ടത്തിലേക്ക് കൊണ്ടുപോയി. ഞാനവര്‍ക്കു വെറുതെ പാറക്കൂട്ടം നിറഞ്ഞൊരിടം കാണിച്ചു കൊടുത്തു. അവിടെ കുഴിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അത്രയും സമയം പീഡനം സഹിക്കേണ്ടല്ലോ. അവര്‍ കുഴിക്കാന്‍ തുടങ്ങി. കുഴിക്കാന്‍ തോട്ടത്തിലെ ജോലിക്കാരെ വിളിച്ചുകൊണ്ടുവരാമെന്നു ഞാനവരോട് പറഞ്ഞു. അവരതു സമ്മതിച്ചു. തോക്കുമായി ഒരാള്‍ എന്റെ കൂടെ വന്നു. അല്‍പം മുന്നോട്ടു നീങ്ങിയപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു. വേണമെങ്കില്‍ ഓടി രക്ഷപ്പെട്. അല്ലേല്‍ അവര്‍ നിന്നെ കൊല്ലും.

പറഞ്ഞു തീര്‍ന്നയുടനെ ഞാന്‍ അയാളുടെ കഴുത്തു പിടിച്ചുതിരിച്ചു നെഞ്ചില്‍ ശക്തമായി ചവിട്ടി. അയാളുടെ തോക്ക് പിടിച്ചെടുത്തു വെടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊട്ടിയില്ല. തോക്ക് വലിച്ചെറിഞ്ഞു ഞാന്‍ ഓടി. തോട്ടത്തിലൂടെ ഞാന്‍ ഓടിക്കൊണ്ടിരുന്നു. അവര്‍ പിന്നാലെ വന്നു വെടിവയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ നിന്നില്ല. ക്വാറിയും കടന്നുള്ള കൃഷി ഓഫിസിന് അടുത്തെത്തിയപ്പോള്‍ ഞാന്‍ തളര്‍ന്നു വീണു. അവര്‍ രണ്ടു ജിപ്‌സിയിലും കാറിലുമായി വന്നിറങ്ങുന്നതു ഞാന്‍ കണ്ടു. ഞാന്‍ ഇടിച്ചുവീഴ്ത്തിയ കാവല്‍ക്കാരന്‍ മുന്നിലുണ്ടായിരുന്നു. വീണു കിടക്കുന്ന എന്നെ അവര്‍ ലാത്തി കൊണ്ട് നിര്‍ത്താതെ മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ജീപ്പി ല്‍ക്കയറ്റി ഷെല്ലിപോരയിലെ മുസ്്‌ലിം മുജാഹിദീന്‍ ആസ്ഥാനത്തേക്കു കൊണ്ടുപോയി. പോലിസിനൊപ്പം അവിടെ കമാന്‍ഡര്‍ നാബാ ആസാദുണ്ടായിരുന്നു. അവനെയങ്ങ് കൊന്നുകളഞ്ഞേക്ക്. ആസാദ് പറഞ്ഞു. പിന്‍ ജിന്‍ പിന്നെയും എന്നെ വീട്ടിലേക്ക് കൊണ്ടുപോയി തോക്ക് എടുത്തുതരാ ന്‍ പറഞ്ഞു. തോക്കില്ലെന്നു ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ഇതെല്ലാം കണ്ടു നിന്നിരുന്ന എന്റെ പിതാവിനോട് പിന്‍ ജിന്‍ പറഞ്ഞു: നിങ്ങള്‍ ഒരു ലക്ഷം രൂപ തരികയാണെങ്കില്‍ ഞാന്‍ അവനെ വെറുതെ വിടാം. ഇവിടെ നിരവധിയാളുകള്‍ മരിച്ചു. അവനു വിധിയുണ്ടെങ്കില്‍ അവന്‍ ജീവിക്കട്ടെ എന്നായിരുന്നു പിതാവിന്റെ മറുപടി. അയാള്‍ ഭീഷണമായ ഭാവത്തോടെ തോക്കുയര്‍ത്തി സഹാദരിയുടെ കാലിനടുത്ത് നിലത്തേക്ക് വെടിവച്ചു. ഈ സമയത്താണു ക്യാപ്റ്റന്‍ ചൗഹാ ന്‍ അവിടെ വരുന്നത്. നിങ്ങളെയെല്ലാം എന്തിന് കൊള്ളാം. ഒരു കുട്ടിയെ കൈകാര്യം ചെയ്യാ ന്‍ പോലും അറിയില്ലേ. അയാ ള്‍ പിന്‍ ജിന്നിനോട് ചോദിച്ചു. അയാള്‍ എന്നെ കനബാല്‍ ക്യംപിലേക്ക് കൊണ്ടുപോയി. വിവരിക്കാനാവാത്ത പീഡനമായിരുന്നു തുടര്‍ന്ന് അവിടെ.

അവര്‍ എന്നെ വീണ്ടും പാനി പരേഡിന് വിധേയനാക്കി. ലിംഗത്തിനുള്ളിലും പുറത്തും കമ്പി ചുറ്റി ഷോക്കേല്‍പ്പിച്ചു. സൈനികരിലൊരാള്‍ എന്റെ കൈ നെടുകെ കീറി അതില്‍ മുളകരച്ചത് വച്ച് ബാന്‍ഡേജിട്ടു കെട്ടി. അന്നത്തെ എന്റെ അലര്‍ച്ചയി ല്‍ ആ ഗ്രാമത്തിലെ ആരും ഉറങ്ങിയിട്ടുണ്ടാവില്ല. വൈകീട്ട് ആറു മുതല്‍ രാത്രി രണ്ടുവരെ അതു തുടര്‍ന്നു. എന്റെ വായിലേക്ക് വെള്ളമൊഴിച്ചു. കുറെ നേരത്തെ പീഡനത്തിനു ശേഷം അവര്‍ എന്നെ ഒരു ട്രക്കിനുള്ളിലേക്ക് വലിച്ചെറിഞ്ഞു വീണ്ടും മുസ്്‌ലിംമുജാഹിദീന്‍ ആസ്ഥാനത്തേക്കു കൊണ്ടുപോയി. രാത്രി അവരെനിക്ക് ഭക്ഷണം തന്നു. പുലര്‍ച്ചെ നാലു മണിയായിക്കാണും. അവര്‍ എന്നെ വീണ്ടും പുറത്തേക്കു കൊണ്ടു പോയി നഗ്നനായി നിര്‍ത്തി. വീണ്ടും പീഡനം തുടങ്ങാന്‍ പോവുകയായിരുന്നു.

നാളെ: താഴ്‌വരയിലെ
പേരറിയാത്ത
പെണ്‍കുട്ടികള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 6

RELATED STORIES

Share it
Top