അവയവ കച്ചവടമെന്ന് ആരോപണം: അഗതിമന്ദിരത്തില്‍ ഒരു മാസത്തിനിടെ 60 മരണം

ചെന്നൈ: കാഞ്ചീപുരം ഉതിരമേരൂരിലുള്ള സെയ്ന്റ് ജോസഫ് അഗതി മന്ദിരത്തില്‍ ഒരു മാസത്തിനിടെ 60 അന്തേവാസികള്‍ മരിച്ചതില്‍ ദുരുഹത.അവയവ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന ആരോപണമാണ് സ്ഥാപനത്തിനെതിരേയുള്ളത്.നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത്ര അധികം പേരുടെ മരണം കണ്ടെത്തിയത്. ഇവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലിസ് അറിയിച്ചു.
എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ ഫാ.ആര്‍.വി. തോമസ് പ്രതികരിച്ചു.
സാമൂഹിക ക്ഷേമവകുപ്പ് അധികൃതരും റവന്യു വകുപ്പ് അധികൃതരും പോലിസും ഇവിടെ പരിശോധന നടത്തി. അന്തേവാസികളെ ഉടന്‍ ഇവിടെനിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ദിരത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആര്‍ഡിഒ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും ഇവിടെ പരിശോധന നടത്തി.

RELATED STORIES

Share it
Top