അവയവദാനം: ചൂഷണങ്ങള്‍ക്ക് അവസാനമാവുന്നു

നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്ക് വിലങ്ങിടാനുള്ള പദ്ധതി സര്‍ക്കാര്‍തലത്തില്‍ പൂര്‍ത്തിയാവുന്നു. മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനു മുമ്പ് സ്വകാര്യ ആശുപത്രികളുടെ മറവില്‍ വ്യക്തികളെ മനപ്പൂര്‍വം മരണത്തിനു വിധേയമാക്കിയ നിരവധി സംഭവങ്ങളുണ്ടായെന്ന ആരോപണത്തെ തുടര്‍ന്നാണു നടപടി. അവയവദാനത്തിന്റെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അവയവദാനപ്രക്രിയകള്‍ സുതാര്യമാക്കാന്‍ നടപടികളുമായി രംഗത്തിറങ്ങിയത്. അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന കച്ചവടങ്ങള്‍ അവസാനിപ്പിക്കുകയാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള പ്രഥമ ലക്ഷ്യം. അതേസമയം, അവശ്യ സന്ദര്‍ഭങ്ങളിലെ അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. പാര്‍ലമെന്റ് പാസാക്കിയ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്റ്റും അതിന്റെ നിയമഭേദഗതികളുമാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകള്‍. മസ്തിഷ്‌ക മരണം നാല് വിദഗ്ധ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കണമെന്നും മരണം സംഭവിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ അവയവം ദാനം ചെയ്യാന്‍ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍, ഇതെല്ലാം മറികടന്ന് സ്വകാര്യ ആശുപത്രികളില്‍ അവയവ കച്ചവടം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പുതിയ സര്‍ക്കുലര്‍ പ്രകാരം മറ്റൊരു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെത്തിവേണം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍. രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ സര്‍വീസിലുള്ള വ്യക്തിയായിരിക്കണം. കൂടാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി സൂക്ഷിക്കേണ്ടതാണ്. ഇതിലൂടെ മരണവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടാവാന്‍ സാധ്യതയുള്ള വിവാദങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം. മസ്തിഷ്‌ക മരണ സ്ഥിരീകരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച് പരിശീലനം നല്‍കുകയാണ് ആരോഗ്യവകുപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പരിശോധനകള്‍ക്കായി 25 ഡോക്ടര്‍മാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 16 പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ്. ഈ ജില്ലകളിലെ ആശുപത്രികളില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെങ്കില്‍ ഈ 25 ഡോക്ടര്‍മാരില്‍ ഏതെങ്കിലും രണ്ടുപേര്‍ (ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്) മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. മധ്യമേഖലയിലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പരിശോധനയ്ക്കായി 69 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 15 ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരാണ്. ആദ്യഘട്ടത്തില്‍ ഈ 94 ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് 10 സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെ 48 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച പൂര്‍ത്തിയാവും. ഇതോടെ സംസ്ഥാനം കേന്ദ്രീകരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുള്ള അവകാശം 142 ഡോക്ടര്‍മാരില്‍ നിജപ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന അവയവദാനങ്ങളുടെ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ് നടക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. അതിനൊപ്പം പുതിയ നടപടിക ക്രമങ്ങളും ചേരുമ്പോള്‍ അവയവദാന തട്ടിപ്പുകള്‍ക്ക് സംസ്ഥാനത്ത് പൂര്‍ണ വിരാമമാവും.

RELATED STORIES

Share it
Top