അവധി ലഭിക്കാനായി വ്യാജ രേഖ സമര്‍പ്പിച്ച സിവില്‍ പോലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: അവധി ലഭിക്കാനായി അപേക്ഷയ്ക്ക് ബലമേകാന്‍ ഒപ്പം കളവായ രേഖ സമര്‍പ്പിച്ച സിവില്‍ പോലിസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. കീഴ്‌വായ്പൂര് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ റാഫി മീരായെയാണ് ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് തുടരന്വേഷണത്തിനായി അടൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തന്നെ സ്ഥലം മാറ്റരുതെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കളവായ രേഖ സമര്‍പ്പിച്ചത്. നേരത്തേ പത്തനംതിട്ടയിലെ ഫിംഗര്‍ പ്രിന്റ് വിഭാഗത്തിലായിരുന്നു റാഫി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇദ്ദേഹത്തെ കീഴ്‌വായ്പൂര് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ അപകടത്തെ തുടര്‍ന്ന് തനിക്ക് ശാരീരിക വൈകല്യമുണ്ടെന്നും കഠിനമായ ജോലികള്‍ നല്‍കരുതെന്നും കാട്ടി റാഫി ജില്ലാ പോലിസ് മേധാവിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്റെ സാക്ഷ്യപത്രവും തെളിവിനായി ഹാജരാക്കി. ഇയാളുടെ ശാരീരിക അവസ്ഥയെപ്പറ്റി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലിസ് മേധാവി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ ജഗദീശിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരായി റാഫി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം റാഫിക്ക് കുഴപ്പമൊന്നും കാണുന്നില്ലെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്.

RELATED STORIES

Share it
Top