അവഗണിക്കപ്പെട്ട കുടിയേറ്റക്കാരിലൂടെ ഫ്രഞ്ച് പട കലാശപ്പോരിലേക്ക്

മോസ്‌കോ: 'ഞങ്ങളുടെ രാജ്യത്തെ മാലിന്യം' എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതേ കുടിയേറ്റക്കാരിലൂടെയാണ് ഇപ്പോള്‍ ഫ്രഞ്ച് പട ലോകത്തിന്റെ നെറുകയിലേക്ക് ഉയരാനൊരുങ്ങുന്നത്. കാമറൂണ്‍കാരനായ സാമുവല്‍ ഇംറ്റിറ്റി എന്ന കുടിയേറ്റക്കാരന്റെ ഗോളിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രഞ്ച് പട ഇപ്പോള്‍ കലാശപ്പോരിനിറങ്ങുന്നത്.
ലോകകപ്പ് സെമിയില്‍ കളിച്ചത് ആഫ്രിക്കന്‍ വംശജരായ ഏഴ് അറബികളായിരുന്നു. എംബാപ്പെയുടെ മാതാവ് അല്‍ജീരിയന്‍ വംശജയാണ്. അദ്ദേഹത്തിന്റെ സഹതാരം നബീല്‍ ഫഖീറും അല്‍ജീരിയയില്‍ നിന്നുതന്നെയാണ്. ആദില്‍ റാമി മൊറോക്കോക്കാരനാണ്. ഉസ്മാന്‍ ദെബലേയുടെ പിതാവ് മാലിക്കാരനും മാതാവ് മൗറിത്താനിയക്കാരിയുമാണ്. ബെല്‍ജിയന്‍ നിരയില്‍ നാസര്‍ ഷാദിലി, മെര്‍ട്ടന്‍സന്‍ എന്നിവര്‍ മൊറോക്കോ വംശജരും മര്‍വാന്‍ ഫെലയ്‌നിയുടെ മാതാപിതാക്കള്‍ മൊറോക്കോ വംശജരുമാണ്.
ലോകകപ്പില്‍ ഇത്തവണ യൂറോപ്യന്‍ ടീമുകളുടെയെല്ലാം പടക്കുതിരകള്‍ ആഫ്രിക്കന്‍ വംശജരാണ്. പത്ത് യൂറോപ്യന്‍ ടീമുകളിലായുള്ള 230 കളിക്കാരില്‍ 83 പേര്‍ കുടിയേറ്റക്കാരാണെന്നതാണ് യാഥാര്‍ഥ്യം. ഈജിപ്തും മൊറോക്കോയും നൈജീരിയയും സെനഗലുമെല്ലാം നേരത്തേ ലോകകപ്പില്‍ നിന്നു പുറത്തായതോടെ 1982ലെ സ്പാനിഷ് ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ആഫ്രിക്കന്‍ പോരാട്ടങ്ങളില്ലാതെ ഒരു ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍. എന്നാല്‍, കാലത്തിന്റെ കാവ്യനീതിയെന്നോണം ആഫ്രിക്കന്‍ തേരോട്ടങ്ങളെ ഇക്കുറി ലോകകപ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് റഷ്യന്‍ ലോകകപ്പിലെ ജേതാക്കളാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന യൂറോപ്യന്‍ ടീമായ ഫ്രാന്‍സാണ്. ജനസംഖ്യയുടെ 6.8 ശതമാനം മാത്രം വരുന്ന കുടിയേറ്റ ജനത ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ 78.3 ശതമാനമാകുന്ന മാന്ത്രികത.
ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഫ്രാന്‍സ് 1998ല്‍ ലോകകപ്പ് നേടുമ്പോഴുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഫ്രാന്‍സില്‍ നിലനിന്നിരുന്ന സങ്കുചിത ദേശീയതയുടെ പശ്ചാത്തലത്തിലും അന്ന് ലോകകപ്പ് നേടിയ ടീമിന്റെ ബഹുസാംസ്‌കാരിക വൈവിധ്യം ലോകമാകമാനം പ്രശംസിക്കപ്പെട്ടു. അല്‍ജീരിയന്‍ വംശജനായ സിനദിന്‍ സിദാന്‍ വളര്‍ന്നത് തെക്കന്‍ ഫ്രാന്‍സിലെ മാര്‍സില്ലിയില്‍ ആയിരുന്നിട്ടുകൂടി അദ്ദേഹത്തെ ഫ്രാന്‍സുകാര്‍ ഒരു വിദേശിയായാണ് പരിഗണിച്ചത്.
എന്നാല്‍, 1998ലെ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോകകപ്പ് ടീം ഒരു സാംസ്‌കാരിക വിപ്ലവത്തിനാണ് വഴിവയ്ക്കുന്നതെന്ന് ഫ്രാന്‍സുകാര്‍ വിശ്വസിക്കാന്‍ തുടങ്ങി. എട്ട് വര്‍ഷം മുമ്പ് ആദ്യമായി ആഫ്രിക്കന്‍ വന്‍കരയെ ലോകകപ്പ് മല്‍സരം തേടിയെത്തിയപ്പോള്‍ നടക്കാതെപോയ ആഫ്രിക്കന്‍ സ്വപ്‌നം ഇത്തവണ ഫ്രാന്‍സിലൂടെ പൂവണിയുമോ എന്നു കാത്തിരിക്കുകയാണ് ആഫ്രിക്കന്‍ വന്‍കര.

RELATED STORIES

Share it
Top