അവഗണനയുടെ തുരുത്തായി വടകര സാന്‍ഡ്ബാങ്ക്‌സ് തീരം

വടകര: തീര സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം നാള്‍ക്കം നാള്‍ വര്‍ധിക്കുന്തോറും വടകര സാന്‍ഡ്ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രത്തിന് അവഗണന മാത്രം. ടൂറിസം വികസനത്തിന് പുതിയ പദ്ധതികളോ രൂപരേഖയോ ഇല്ലാത്തതിനാല്‍ കടത്തനാടിന്റെ ഈ പ്രധാന സൗന്ദര്യ തീരം അവഗണനയുടെ തുരുത്തായി മാറി.
കോടികള്‍ മുടക്കി ഇവിടെ നിര്‍മിച്ച ഷെഡുകളും, ഗ്രാനൈറ്റ്  ഇരിപ്പിടങ്ങളും മറ്റും നശിക്കുകയാണ്. സാന്‍ഡ്ബാങ്ക്‌സില്‍ ശാസ്ത്രീയമായ പദ്ധതികളും പരിചരണമില്ലാത്തതിനാല്‍ നിലവിലുള്ള സൗകര്യങ്ങളും നാശത്തിന്റെ വക്കിലാണ്. കാട് മൂടി  കിടന്നിരുന്ന സാന്റ്ബാങ്ക്‌സ് നവീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കുന്ന കാലത്ത് സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിനായി 2 കോടിയോളം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ടത്തില്‍ 95 ലക്ഷം രൂപ ചിലവഴിച്ച് പ്രവൃത്തികള്‍ ആരംഭിച്ചു. രണ്ടാം ഘട്ടവും ഫണ്ട് ലഭ്യതക്കനുസരിച്ചുള്ള തുടര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. പിന്നീട് ഒരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല.
ആധുനിക രീതിയിലുള്ള ഹോട്ടല്‍ സമൂഛയയവും ശൗചാലയങ്ങളും കുട്ടികള്‍ക്ക് വേണ്ടി  പ്രത്യേക പാര്‍ക്കും  നിര്‍മ്മിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. സാന്‍ഡ്ബാങ്ക്‌സിന്റെ കിഴക്ക് ഭാഗത്തായി കെട്ടിടം പണിത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കടലിനോട് ചേര്‍ന്ന ഭാഗത്തായി വഴിവിളക്കിനായി  ഇരുമ്പു തൂണുകളും സ്ഥാപിച്ചു. അനുബന്ധ ജോലികള്‍ നടത്താത്തതിനാല്‍ ഈ തൂണുകളാകെ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. മാത്രമല്ല, ഇതിന് മുകളിലായി സ്ഥാപിക്കുമെന്ന് പറഞ്ഞ ലൈറ്റും ഇതുവരെ സ്ഥാപിച്ചിട്ടില്ല. മല്‍സ്യബന്ധനത്തിനായി പോവുന്നവര്‍ക്ക്  ഉപകാരപ്പെടും വിധം  ഹൈമാസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ടവര്‍ലൈറ്റും കണ്ണുചിമ്മാറായി. നടപ്പാതിയില്‍ വിരിച്ച ടൈലുകള്‍ പലയിടത്തും തകര്‍ന്ന നിലയിലായിലാണ്.
സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി സ്ഥാപിച്ച ഗ്യാലറിയിലെ ഗ്രാനൈറ്റും തകര്‍ന്നിട്ടുണ്ട്. ആഘോഷ ദിവസങ്ങളിലും, സാധാരണ ദിവസങ്ങളിലൊക്കെ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇവര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊണ്ടിട്ടില്ല. പ്രവൃത്തി തുടങ്ങിയ സമയത്ത് കാടുകള്‍ വെട്ടിത്തെളിച്ചെങ്കിലും ഇപ്പോള്‍ സാന്‍ഡ്‌ബേങ്ക്‌സിന്റെ വടക്ക്കിഴക്ക് ഭാഗത്ത് പഴയ പടി കാടുമൂടിയത് കാരണം രാത്രിയിലും പകലുമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിച്ചതായും ആക്ഷേപമുണ്ട്.
കടലിനോട് ചേര്‍ന്ന ഭാഗമാണെങ്കിലും അപകടങ്ങള്‍ നടക്കുന്ന സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സജ്ജീകരണങ്ങളും ഇവിടെയില്ല. ആകെയുള്ളത് ഒരു ഗാര്‍ഡ് മാത്രമാണ്. ആയിരക്കണക്കിന് ആളുകള്‍ ആഘോഷദിവസങ്ങളില്‍ എത്തിച്ചേരുമ്പോള്‍ ഒരാളെ കൊണ്ട് എങ്ങിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്
ടൂറിസം പദ്ധതികള്‍ക്കും ഏകോപനത്തിനുമായി ജനപ്രതിനിധികളടങ്ങിയ ഡിഎംസി(ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍) രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരിങ്ങല്‍ സര്‍ഗാലയ മോഡല്‍ യുഎല്‍സിസിയെ നടത്തിപ്പിനായി ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചും പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത  അറിയിച്ചും യുഎല്‍സിസി പ്രസിഡണ്ടിനും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സാന്‍ഡ്‌ബേങ്ക് നടത്തിപ്പ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജുമായി കൂട്ടിയോജിപ്പിച്ച് കൊണ്ട് ടൂറിസം പാക്കേജ് തയ്യാറാക്കണമെന്നാണ് ആവശ്യവും ശക്തമാണ്.
കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം വിജയകുമാര്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സാന്‍ഡ്ബാങ്ക്‌സ് സന്ദര്‍ശനം നടത്തിയിരുന്നു. മലബാര്‍ ടൂറിസത്തിന് മുന്‍ഗണന നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. സാന്‍ഡ്ബാങ്ക്‌സ്-ക്രാഫ്റ്റ് വില്ലേജ് ടൂറിസം പാക്കേജ് പദ്ധതിക്കായി സാധ്യതാ പഠനം നടത്തുമെന്നും, പദ്ധതി നടത്തിപ്പിനായി ബന്ധപ്പെട്ട ഏജന്‍സിയുമായി ആലോചിച്ച് തീരുമാനം കാകൊള്ളുമെന്നും ഇതിന് ഫണ്ട് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട മറ്റു സാധ്യതകളെ കുറിച്ചും അദ്ദേഹം വിലയിരുത്തു. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്നതാണ് വാസ്തവം.

RELATED STORIES

Share it
Top