അവഗണനയില്‍ കനാലിന് അകാല ചരമം

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അധികൃതരുടെ അവഗണയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും മൂലം കനോലി കനാല്‍ അകാല ചരമത്തിലേക്കാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജല ഗതാഗതം, മത്സ്യ ബന്ധനം, കാര്‍ഷിക ജലസേചനം, വിനോദ സഞ്ചാരം തുടങ്ങിയവക്ക് ഉപയോഗപ്പെടുത്താന്‍ വലിയ സാധ്യതകളുള്ള കനോലി കനാലിനെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കേണ്ടതുണ്ട്.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലൂടെ കടന്ന്‌പോകുന്ന കനോലി കനാല്‍ വ്യാപകമായി കയ്യേറിക്കഴിഞ്ഞു. കനാലിന്റെ ഇരു കരകളിലും മതില്‍ കെട്ടി മണ്ണിട്ട് നികത്തിയാണ് കയ്യേറ്റം. ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി ഈ വിധം സ്വകാര്യവ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു. എന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പുഴ കയ്യേറ്റം എങ്ങിനെയെന്ന് കാണാന്‍ കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ മതി.കനോലി കനാലിന്റെ സഞ്ചാരപഥത്തിന്റെ ചരിത്രം കേരളത്തിന്റെ വാണിജ്യരംഗത്തെ വളര്‍ച്ചയുടേത് കൂടിയാണ്. ഈ നിലയില്‍ കയ്യേറ്റം തുടര്‍ന്നാല്‍ കനോലി കനാലും അനുബന്ധ നീര്‍ത്തടങ്ങളും ഓര്‍മ്മ മാത്രമാകുമെന്നുറപ്പ്. കനോലി കനാല്‍ കടന്നുപോകുന്ന എല്ലാ വില്ലേജുകളിലും വ്യാപകമായ കൈയേറ്റം നടന്നിട്ടുണ്ട്. എന്നാല്‍, ഇതിനെതിരേ ഒരു നടപടിയും എടുക്കാന്‍ റവന്യൂ വകുപ്പിനോ ഇറിഗേഷന്‍ വകുപ്പിനോ കഴിഞ്ഞിട്ടില്ല. കൈയേറിയ ഭാഗം വേര്‍തിരിച്ചു കാണിക്കുന്ന വിധം സൂചനാബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയോ കൈയേറിയവര്‍ക്കെതിരേ നോട്ടീസു നല്‍കുകയോ ചെയ്തിട്ടില്ല. സര്‍വേയുടെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പും ജലസേചനവകുപ്പും സംയുക്തമായി ഒരു പരിശോധന നടത്തിയാല്‍ കനോലി കനാലിന്റെ അതിരുകള്‍ കൃത്യമായി കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നു. കനോലി കനാലിന്റെ അതിരുകള്‍ വേര്‍തിരിച്ച് കല്ലിടാന്‍ റവന്യുവകുപ്പില്‍നിന്ന് സര്‍വേയറുടെ സേവനം ആവശ്യമാണെന്നും ഇവര്‍ പറയുന്നു. കൈയേറ്റവും മലിനീകരണവും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കനോലി കനാലിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, ഇതിനുവേണ്ട കൂട്ടായ പ്രവര്‍ത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
അറബിക്കടലിനു കിഴക്ക് തീരദേശത്തിന്റെ ഓരത്തുള്ള വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ അന്നത്തിന്റെ ആശ്രയംകൂടിയായ ഈ കനാല്‍ വറ്റ, കൊഞ്ച്, വാള, കൂരി, ചെമ്മീന്‍, കാളാഞ്ചി, കണമ്പ്, തിരുത, പ്രായല്‍, പൂമീന്‍, ഞണ്ട്, ആരല്‍ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയായിരുന്നു. എന്നാല്‍, വാള, ഞണ്ട്, ആരല്‍ തുടങ്ങി നിരവധി മീനുകള്‍ക്കു വംശ നാശം വന്നുകഴിഞ്ഞു.കനോലി കനാല്‍ തീരം വിശ്രമ  വിനോദ കായിക കേന്ദ്രമാക്കുന്നതിന് പദ്ധതിയായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇത്തരം വാര്‍ത്തകള്‍ ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കുന്നത്.പൊന്നാനി, ഗുരുവായൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കനാല്‍ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതിക്ക് ഹരിത കേരള മിഷന്‍ ഡിപിആര്‍ തയ്യാറാക്കിക്കഴിഞ്ഞു.ജലവിഭവ , തദ്ധേശ സ്വയംഭരണ , ടൂറിസം ,ശുചിത്വമിഷന്‍ , ഹരിതകേരളമിഷന്‍  വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ഈ വകുപ്പുകള്‍ തന്നെ ഇതിനായി ഫണ്ടുകള്‍ ഏകോപിച്ച് നല്‍കും.ക്ലീന്‍  കനോലി കനാല്‍ എന്നൊരു പദ്ധതിയുമായി പൊന്നാനി നഗരസഭ കനോലി കനാല്‍ ശുദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.കനോലി കനാലിനെ മാലിന്യമുക്തമാക്കുന്നതിനും കനോലികനാലിന്റെ പൂര്‍വകാല സൗന്ദര്യം വീണ്ടെടുക്കുന്നതിനുമായി പൊന്നാനി നഗരസഭ നടത്തുന്ന തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായാണ് ഫൈന്‍ ബോട്ട് റോബോര്‍ട്ട് കനാലില്‍ ഇറങ്ങി കനാല്‍ വൃത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ കനോലികനാലില്‍ പൂര്‍ണമായും പരിശോധന നടത്താനും ശുചീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top