അവകാശസംരക്ഷണത്തിന് ആദിവാസി- ദലിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

കോട്ടയം: ശബരിമലയിലെ ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ ആദിവാസി, ദലിത് പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് വിവിധ ദലിത്, ആദിവാസി സംഘടനകള്‍. ഇതുസംബന്ധിച്ച് ആലോചിക്കുന്നതിനായി ഈമാസം 28ന് കോട്ടയത്ത് വിവിധ ദലിത്- ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രിംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്ന ശബരിമല തന്ത്രി കുടുംബത്തിന്റെയും ഹിന്ദുത്വവാദികളുടെയും നടപടിക്കെതിരേ കേരളത്തിലെ ആദിവാസി ദലിത് സമൂഹവും ജനാധിപത്യവിശ്വാസികളും ഐക്യപ്പെടണം. ബഹുസ്വരതയെ അംഗീകരിക്കുന്നില്ലെങ്കില്‍ ശബരിമല സംഘര്‍ഷഭൂമിയായി തുടരും. ഉടമസ്ഥതയുടെയും അധികാരത്തിന്റെയും പേരില്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരത്തിന്റെ വക്താക്കളും വിശ്വാസികളില്‍ ബ്രാഹ്മണ്യാചാരം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തന്ത്രികുടുംബത്തിനും പന്തളം കൊട്ടാരത്തിനും ശബരിമലയിലും സന്നിധാനത്തിലും സമ്പൂര്‍ണമായ ഉടമസ്ഥതയും അധികാരവും അവകാശപ്പെടാനാവില്ല.
ശബരിമല ഉള്‍പ്പെടെയുള്ള വനമേഖലയിലെ ആദിവാസികളുടെ പരമ്പരാഗത വനാവകാശവും ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ അവകാശങ്ങള്‍ അട്ടിമറിച്ച തന്ത്രികുടുംബവും കൊട്ടാരവാസികളും അധിനിവേശക്കാര്‍ മാത്രമാണ്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്ത്രീകളുടെ ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നത് അയിത്തത്തിന്റെ തുടര്‍ച്ചയാണ്. സംഘപരിവാര വിശ്വാസത്തെ വാണിജ്യവല്‍ക്കരിക്കുമ്പോള്‍ ഹിന്ദു ഫാഷിസത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരേ ആദിവാസി- ദലിത് സംഘടനകള്‍ നിലപാടെടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. എം ഗീതാനന്ദന്‍, സി ജെ തങ്കച്ചന്‍, പി ജെ തോമസ്, വി ഡി ജോസ്, കെ സി ചന്ദ്രശേഖരന്‍, ശിവപ്രസാദ് പങ്കെടുത്തു.

RELATED STORIES

Share it
Top