അവകാശത്തര്‍ക്കം: വണ്ടൂര്‍ പാലക്കോട് മദ്‌റസാ കെട്ടിടം അടിച്ചു തകര്‍ത്തു

കാളികാവ്: അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് മദ്‌റസ കെട്ടിടം അടിച്ചുതകര്‍ത്തു. വ്യാഴം രാത്രിയില്‍ വണ്ടൂര്‍ പാലക്കോടാണ് സംഭവം. ഇരു വിഭാഗം സമസ്തകള്‍ അവകാശവാദമുന്നയിച്ചിരുന്ന കെട്ടിടത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എപി വിഭാഗത്തിന് അനുകൂലമായി കോടതി വിധിയുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായി മറു വിഭാഗം രാത്രിയുടെ മറവില്‍ കെട്ടിടം അക്രമിക്കുകയായിരുന്നുവെന്നാണ് എപി വിഭാഗം ആരോപിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
പോരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പാലക്കോടുള്ള ഇസ്സത്തുല്‍ ഇസ്‌ലാം സംഘം മസ്ജിദ് വളപ്പിലുള്ള മദ്‌റസ കെട്ടിടങ്ങളിലൊന്നാണ് അക്രമത്തില്‍ തകര്‍ന്നത്. കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും, രേഖകളും നശിപ്പിച്ച നിലയിലാണ്. പള്ളി വളപ്പിലെ മൂന്ന് കെട്ടിടങ്ങളില്‍ ഒന്ന് സമസ്ത എപി വിഭാഗവും, രണ്ടെണ്ണം ഇകെ വിഭാഗവുമാണ് ഉപയോഗിച്ചിരുന്നത്.
എപി വിഭാഗം ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ദ്രവിച്ചു തകരാനായതിനാല്‍ പുതുക്കി പണിയുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇതിനായുള്ള സാധന സാമഗ്രഗികള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഇതിനിടയില്‍ കെട്ടിടത്തില്‍ അഞ്ചു വര്‍ഷമായി മദ്‌റസയുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് കാണിച്ച് എതിര്‍ വിഭാഗം കേസ് നല്‍കിയതിനെ തുടര്‍ന്ന് പോലിസ് ഇടപെടുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നടത്തരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പോലിസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയ ശേഷം മഴയ്ക്കുശേഷം കെട്ടിടം പുതുക്കി പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. സ്ഥലത്ത് എപി വിഭാഗക്കാര്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നേരത്തെ മറു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ കേസ് തള്ളുകയും എപി വിഭാഗത്തിനനുകൂലമായി കോടതി വിധി വരികയും ചെയ്തു. ഇതായിരിക്കാം അക്രമത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top