അഴുക്കുചാലിലേക്ക് മലിനജലം: സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

പട്ടാമ്പി: കൊപ്പം ടൗണിലെ അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി തുടങ്ങി. എട്ട് സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വികരിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. ടൗണിലെ അഴുക്കുചാലില്‍ മലിനജലം കെട്ടിനില്‍ക്കുന്നത് പല പകര്‍ച്ചവ്യാധികള്‍ക്കും ഇടവരുത്തുന്നതായി നേരത്തേത്തന്നെ പരാതിയുണ്ട്.
ടൗണിനോട് ചേര്‍ന്നുളള ആക്കപറമ്പ് നിവാസികള്‍ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്ക് നേരത്തെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. മലിനജലം ഒഴുക്കിവിടുന്നത് നിര്‍ത്തലാക്കുവാനും മാലിന്യസംസ്‌കരണത്തിന് സ്ഥാപനങ്ങളില്‍ത്തന്നെ സംവിധാനം ഒരുക്കാനുമായിരുന്നു നിര്‍ദേശം. ഇത് പലരും പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകള്‍ നീക്കംചെയ്തുള്ള പരിശോധനയാണ് നടത്തുന്നത്. ഈ പരിശോധനയിലാണ് എട്ട് സ്ഥാപനങ്ങള്‍ മലിനജലം അഴുക്കുചാലിലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടത്തിയിരിക്കുന്നത്. വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി നിഷ പറഞ്ഞു.
മഴക്കാലരോഗപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഴുക്കുചാല്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് അഴുക്കുചാലിലേക്കിട്ട പൈപ്പുകള്‍ പൂട്ടുന്ന പ്രവൃത്തിയും ഇതൊടൊപ്പം തുടങ്ങി.

RELATED STORIES

Share it
Top