അഴീക്കോട് വീണ്ടും സിപിഎം അക്രമം; വീടിനു നേരെ ബോംബേറ്

അഴീക്കോട്: അഴീക്കോട് മേഖലയില്‍ സിപിഎം അക്രമം തുടരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ തുടര്‍ച്ചയായ രണ്ടാംദിവസവും ആക്രമണം. ഒരു വീടിനു ബോംബെറിയുകയും രണ്ടു വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ഓലാടത്താഴയിലെ റിഷാലിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണ് ഈ വീടിനു നേരെ ആക്രമണമുണ്ടാവുന്നത്. ബോംബേറില്‍ വീടിനു നേരിയ കേടുപാടുകള്‍ സംഭവിച്ചു. ഇതിനു തൊട്ടുമുമ്പ് 1.30ഓടെയാണ് പൂതപ്പാറയിലെ റിജിലിന്റെ വീടിനു നേരെ ആക്രമണം നടന്നത്. വീടിന്റെ ജനല്‍ച്ചില്ലുകളെല്ലാം അടിച്ചുതകര്‍ത്തു. സിപിഎം പ്രവര്‍ത്തകരായ സഹദ്, വിജേഷ് എന്ന ബിജു, ചെമ്മരശ്ശേരിപ്പാറയിലെ മേസ്ത്രി അനീഷ് എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരും മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി സിപിഎം പ്രതിഷേധ പ്രകടനം കഴിഞ്ഞ ശേഷമാണ് മൂന്നുനിരത്തിലെ സഫ്‌വാന്റെ വീടായ ഒ കെ ഹൗസിനു നേരെ ആക്രമണമുണ്ടായത്. സഹദ്, നിഹാല്‍, സജേഷ്, വിനീഷ്, സിനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീടാക്രമിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. സിപിഎം സംഘം ആക്രമിച്ചു തകര്‍ത്ത വീടുകള്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസ്, ഖജാഞ്ചി ബി പി അബ്ദുല്ല മന്ന, അബ്്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരേ പോലിസ് മുഖംനോക്കാതെ നടപടിയെടുക്കണമെന്നും അക്രമം അവസാനിപ്പിക്കുകയും അണികളെ നിലയ്ക്കു നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വീടിനു ബോംബെറിഞ്ഞ സംഭവത്തിലും ആക്രമിക്കപ്പെട്ടതിലും കേസെടുത്തതായി വളപട്ടണം പോലിസ് അറിയിച്ചു. അതേസമയം, രണ്ടുദിവസം മുമ്പുണ്ടായ സംഘട്ടനത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ ഓലാടത്താഴെയിലെ റിഷാല്‍, സഹല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചിട്ടുണ്ട്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ മേഖലയില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top