അഴീക്കല്‍-മാട്ടൂല്‍ റൂട്ടില്‍ ബോട്ട് ഷട്ടില്‍ സര്‍വീസ് തുടങ്ങി

മാട്ടൂല്‍: അപകടത്തെ തുടര്‍ന്ന് മാട്ടൂല്‍ പഞ്ചായത്തിന്റെ യാത്രാബോട്ട് സര്‍വീസ് നിലച്ച അഴീക്കല്‍-മാട്ടൂല്‍ റൂട്ടില്‍ ജലഗതഗത വകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് ഷട്ടില്‍ സര്‍വീസ് നടത്തി. ബോട്ട് പറശ്ശിനിക്കടവില്‍നിന്ന് വൈകീട്ട് നാലോടെ മാട്ടൂലില്‍ എത്തിയതിനു ശേഷം ആറു വരെയായിരുന്നു അഴീക്കലിലേക്ക് പരീക്ഷണാര്‍ഥം ഓടിയത്. രാവിലെ 7.45 മുതല്‍ ഒമ്പതു വരെയും വൈകീട്ട് നാലു മുതല്‍ ആറുവരെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ സര്‍വീസ് തുടരാനാണ് ധാരണ. ഓഖി ചുഴലിക്കാറ്റുണ്ടായ സമയത്ത് 30ഓളം യാത്രക്കാരുമായി പുറപ്പെട്ട മാട്ടൂല്‍ പഞ്ചായത്തിനു കീഴിലുള്ള ബോട്ട് വഴിമധ്യേ അപകടത്തില്‍പ്പെട്ടിരുന്നു. മല്‍സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തമൊഴിവായത്. അന്നുമുതല്‍ ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് നിലച്ചിരിക്കുകയാണ്. ഇതുമൂലം യാത്രാക്ലേശം അനുഭവിക്കുകയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. സാധാരണ ഗതിയില്‍ മാട്ടൂലില്‍നിന്ന് അഴീക്കല്‍ ഭാഗത്തേക്ക് പോവണമെങ്കില്‍ പഴയങ്ങാടി-വളപട്ടണം വഴി ബസ്സുകളെ ആശ്രയിക്കണം. എന്നാല്‍ മാട്ടൂലില്‍നിന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ അഴീക്കലിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാണ് ബോട്ടുയാത്രയുടെ പ്രധാനഗുണം. മാട്ടൂലില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂരിലെത്താവുന്ന മാര്‍ഗവും ഇതുതന്നെ. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട്് മാട്ടൂല്‍-അഴീക്കല്‍ ഭാഗത്തേക്ക് പ്രത്യേക സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യമുന്നയിച്ച് സ്ഥലം എംഎല്‍എ ടി വി രാജേഷ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഷട്ടില്‍ സര്‍വീസിന് താല്‍ക്കാലികാനുമതി നല്‍കിയത്.

RELATED STORIES

Share it
Top