അഴീക്കല്‍ തുറമുഖ വികസനം : കമ്പനി രൂപീകരണം പുരോഗമിക്കുന്നതായി മന്ത്രിതിരുവനന്തപുരം: അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാതൃകയില്‍ പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ വലിയ ചരക്കു ഗതാഗത കേന്ദ്രമായും മലബാര്‍ മേഖലയുടെ വികസനത്തിനുള്ള പ്രധാന ചവിട്ടുപടിയായും അഴീക്കല്‍ തുറമുഖത്തെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. കമ്പനി രൂപീകരണത്തിനു മുന്നോടിയായി കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കി കമ്പനി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ടി വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി മൂന്നു ഘട്ടത്തിലുള്ള വികസനമാണു സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി നാല് മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിങ് നടത്തുന്നതിന് കേരള സ്‌റ്റേറ്റ് മാരിടൈം ഡെവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തി പണികളാരംഭിച്ചു. ആദ്യംഘട്ടം പൂര്‍ത്തിയാവുന്നതോടെ ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ചരക്കു ഗതാഗതം ആരംഭിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. 180 മീറ്റര്‍ നീളമുള്ള മൂന്ന് ബര്‍ത്തുകളും 200മീറ്റര്‍ നീളമുള്ള രണ്ട് ബര്‍ത്തുകളും ഉള്‍പ്പെടുന്ന രണ്ടാംഘട്ട വികസനത്തിന് 496 കോടി രൂപ ചെലവുവരുന്ന പ്രൊജക്റ്റിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പിപിപി അല്ലെങ്കില്‍ ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ 14.5 മീറ്റര്‍ ആഴമുള്ള 550, 460, 600 മീറ്റര്‍ നീളത്തിലുള്ള മൂന്ന് വാര്‍ഫുകളുള്ള വന്‍കിട തുറമുഖമായി അഴീക്കലിനെ വികസിപ്പിക്കാനാണു മൂന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാലാ പദ്ധതിയിലുള്‍പ്പെടുത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നതായി മന്ത്രി അറിയിച്ചു.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ചരക്കുകള്‍ കൂടി കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കു തുറമുഖത്ത് നങ്കൂരമിടാന്‍ കഴിയുംവിധം ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top