അഴീക്കല്‍ ഉപതിരഞ്ഞെടുപ്പ്: 92 ശതമാനം പോളിങ്; ഫലം ഇന്നറിയും

പൊന്നാനി:  പൊന്നാനി അഴീക്കല്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന് നടക്കും.  പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 92% ത്തിന്റെ പോളിങ്  രേഖപ്പെടുത്തി.
വാര്‍ഡില്‍ ആകെയുള്ള 1338 വോട്ടര്‍മാരില്‍ 1232 വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ പോളിങ് ആരംഭിച്ചതോട് കൂടി തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തായ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസക്ക് മുന്നില്‍ കണ്ടത്.  പുരുഷന്‍മാര്‍ക്ക് പുറമെ സ്ത്രീകളും രാവിലെ മുതല്‍ തന്നെ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ടര്‍മാരെ നേരത്തെ തന്നെ പോളിങ് ബൂത്തിലെത്തിച്ചു.
ഉച്ചയ്ക്ക് മുമ്പ് തന്നെ വാര്‍ഡിലെ ഓപ്പണ്‍ വോട്ടുകളെല്ലാം പെട്ടിയിലായിരുന്നു. ഇതോടെ ഉച്ചയോടെ തന്നെ പോളിങ് അന്‍പത് ശതമാനം പിന്നിട്ടു.
കനത്ത പോലിസ് കാവലിലാണ് തിരഞ്ഞെടുപ്പ് പുരോഗമിച്ചത്. ഇതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. സിപിഎം.കൗണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ ഹസൈനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലിം ലീഗിലെ പി അത്തീഖും തമ്മിലാണ് മത്സരം നടന്നത്. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.  തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ എല്‍ഡിഎഫും, യുഡിഎഫും തമ്മില്‍ വാശിയേറിയ മത്സരമാണ് വാര്‍ഡില്‍ നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയേിലാണ. ഫലപ്രഖ്യാപനം  പൊന്നാനി നഗരസഭാ കാര്യാലയത്തില്‍  നടക്കും.

RELATED STORIES

Share it
Top