അഴീക്കലില്‍ യുഡിഎഫിന് ചരിത്ര വിജയം

പൊന്നാനി: നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അതീഖിന് ചരിത്ര വിജയം. മുസ്‌ലിംലീഗിലെ പറമ്പില്‍ അതീഖ് സിപിഎമ്മിലെ കെ ഹുസയ്‌നെ 8 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം കൗണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ആകെ പോള്‍ ചെയ്ത 1,232 വോട്ടുകളില്‍ അതീഖ് 615 വോട്ട് നേടി. 607 വോട്ടുകള്‍ നേടാനേ ഹുസയ്‌ന് കഴിഞ്ഞുള്ളൂ. പൊന്നാനി നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഈ വാര്‍ഡില്‍ സിപിഎം പരാജയപ്പെടുന്നത്. വാര്‍ഡില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊന്നാനിയില്‍ പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്ത ഇമ്പിച്ചിബാവയുടെ മണ്ണില്‍ സിപിഎം തോറ്റത് ഏറെ ഞ്ഞെട്ടലുളവാക്കി. കഴിഞ്ഞ തവണത്തെ മല്‍സരത്തില്‍ അതീഖ് മൂന്ന് വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നത്. 500 വോട്ടുകളുടെ ഭൂരിപക്ഷം സിപിഎമ്മിന് നല്‍കിയിരുന്ന ഈ വാര്‍ഡിലെ തോല്‍വി വരും നാളുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കും.
വാര്‍ഡ് സിപിഎമ്മിനെ കൈവിട്ടെങ്കിലും ഭരണത്തെ ബാധിക്കില്ല. നഗരസഭയിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് 27, യുഡിഎഫിന് 21, ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില.

RELATED STORIES

Share it
Top