അഴീക്കലിലെ ലീഗിന്റെ വിജയം സിപിഎമ്മിന് കനത്ത പ്രഹരം

പൊന്നാനി: അഴീക്കലിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അതീഖ് ജയിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും ലീഗിന് അവകാശപ്പെട്ടതാണ്.ചിട്ടയായ പ്രവര്‍ത്തനങ്ങളും, വീടുകള്‍ കേന്ദ്രീകരിച്ചുള്ള ക്യാംപയിനുകളും വാര്‍ഡിലെ സിപിഎം വിരുദ്ധ സാഹചര്യം മുതലാക്കാനും ലീഗിന് കഴിഞ്ഞതാണ് അസാധ്യമെന്ന് വിശ്വസിച്ചിരുന്ന സിപിഎം കോട്ടയില്‍ ലീഗിന് വിജയം നല്‍കിയത്.
വിജയത്തിലൂടെ തീരദേശമേഖലയില്‍ ലീഗിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും കഴിഞ്ഞു. 1977ല്‍ നഗരസഭ രൂപീകരിച്ചതുമുതല്‍ ഈ വാര്‍ഡ് സിപിഎമ്മിന് ഒപ്പം മാത്രമാണ് നിന്നിട്ടുള്ളത്. വാര്‍ഡിലെ വികസനമില്ലായ്മയും ഓഖി ദുരന്തത്തില്‍ ജനപ്രതിനിധി തുടക്കത്തില്‍ സന്ദര്‍ശിക്കാതിരുന്നതും സിപിഎമ്മിന് ക്ഷീണമായി.വാര്‍ഡില്‍ വോട്ട് ചേര്‍ക്കുന്നതിനെച്ചൊല്ലി തുടക്കത്തില്‍ തന്നെ തര്‍ക്കം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
150 വ്യാജ വോട്ടര്‍മാര്‍ ലിസ്റ്റില്‍ കയറിക്കൂടിയെന്നാണ് ലീഗ് ആരോപിച്ചത്. പരാതിയുമായി ലീഗ് ഹൈകോടതിയിലും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിരുന്നു.ലീഗിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു കൂടുതല്‍ പരിശോധനയില്‍ കണ്ടെത്തിയത്.വാര്‍ഡ് നിലനിര്‍ത്താന്‍ സിപിഎം കഠിനമായി ശ്രമിച്ചെങ്കിലും ജനം കൈവിട്ടു. സിപിഐയുടെ സഹായവും എസ്ഡിപിഐയുടെ പിന്തുണയും ലീഗിന് ലഭിച്ചതും കാര്യങ്ങള്‍ എളുപ്പമായി.

RELATED STORIES

Share it
Top