അഴിയൂര്‍ കോവുക്കല്‍ കടവില്‍ പോലിസ് റെയ്ഡ്; ഇരുമ്പു ദണ്ഡുകള്‍ പിടിച്ചെടുത്തു

വടകര: അഴിയൂര്‍ കോവുക്കല്‍ കടവില്‍ പോലിസ് നടത്തിയ റെയ്ഡില്‍ പഴയ കെട്ടിടത്തില്‍ ഒളിപ്പിച്ച ഇരുമ്പ് പൈപ്പുകളും ദന്ധും പോലിസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ചോമ്പാല എസ്‌ഐ പി കെ ജിതേഷും സംഘവും നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് പോലിസ് റെയ്ഡ് നടത്തിയത്. പത്തോളം ഇരുമ്പ് പൈപ്പുകളും ദണ്ഡുകളുമാണ് പിടികൂടിയത്.സാമൂഹികവിരുദ്ധര്‍ തമ്പടിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നുള്ള നാട്ടുകാര്‍ ദീര്‍ഘകാലമായി പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി.
പലപ്പോഴായി അക്രമങ്ങള്‍ അരങ്ങേറിയ പ്രദേശം കൂടിയാണിത്. കോവുക്കല്‍ കടവിന്നടുത്ത് ബുധനാഴ്ച രാവിലെയും ചോമ്പാല പോലിസും ബോംബ് സ്‌ക്വാഡും റെയ്ഡ് നടത്തി. കാര്യമായി ഒന്നും കണ്ടെത്തിയില്ല. അതേ സമയം പോലിസ് റെയ്ഡ് വിവരം ചോര്‍ന്നതായി ആക്ഷേപമുണ്ട്. കല്ലാമല ,കോവുക്കല്‍ കടവ്, പനാട, കോറോത്ത് റോഡ് എന്നിവിടങ്ങളിലാണ് വര്‍ഷങ്ങളായി സാമുഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. മദ്യക്കടത്ത്, കഞ്ചാവ് വില്‍പന, മണല്‍ വാരല്‍, ഗുണ്ടാ പിരിവ് എന്നീ മാര്‍ഗത്തിലൂടെയാണ് ഇവിടെ തമ്പടിക്കുന്ന സംഘങ്ങള്‍ പണമുണ്ടാക്കുന്നത്. പണം കിട്ടിയാല്‍ എന്തും ചെയ്യുന്ന തരത്തിലുള്ള ക്രമിനലുകളെ അമര്‍ച്ച ചെയ്യാത്ത പോലിസ് നിലപാടിനെതിരെ മാസങ്ങളായി പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

RELATED STORIES

Share it
Top