അഴിയൂരില്‍ പണി തുടങ്ങാനുള്ള നീക്കം ഭൂവുടമകള്‍ തടഞ്ഞു

വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി മാഹി ബൈപ്പാസിലെ അഴിയൂര്‍ മേഖലയില്‍ നിര്‍മാണം തുടങ്ങാനുള്ള കരാറുകാരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. അഴിയൂര്‍ വില്ലേജ് ഓഫിസിന് സമീപത്ത് ബൈപ്പാസ് കടന്നുപോകാന്‍ അക്വയര്‍ ചെയ്ത സ്ഥലത്ത് മണ്ണ് മാന്തിയുമായി ജോലിക്കെത്തിയ തൊഴിലാളികളെയാണ് നാട്ടുകാരുടെ തടഞ്ഞത്.മതിയായ മാര്‍ക്കറ്റ് വിലയും, പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കാതെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് സ്ഥലം നഷ്ടപ്പെട്ടവര്‍ പ്രഖ്യാപിച്ചതോടെ കരാറുകാര്‍ പണി നിര്‍ത്തിവെക്കുകയായിരുന്നു. തലശ്ശേരി-മാഹി ബൈപ്പാസിലെ അഴിയൂര്‍ മേഖലയില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നു പ്രഖ്യാപിച്ച് ഭൂവുടമകള്‍ പ്രക്ഷോഭത്തിലാണന്നിരിക്കെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും ആകാതെ വീടും മറ്റും അടിച്ചു നിരപ്പാക്കി സ്ഥലം തട്ടിയെടുക്കാനുള്ള ബൈപ്പാസ് അതോറിറ്റിയുടെ നീക്കം ചെറുക്കുമെന്ന് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടയില്‍ റവന്യു ഉേദ്യാഗസ്ഥര്‍ ഭൂവുടമകളോട് 16 മുതല്‍ വടകര എല്‍എ എന്‍എച് റവന്യു വിഭാഗം ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലെ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടത്താനാണ് കരാറുകാരുടെ നീക്കം. അതിന്റെ ഭാഗമാണ് അഴിയൂരിലും കരാറുകാര്‍ പ്രവര്‍ത്തി നീക്കം തുടങ്ങിയത്. എന്നാല്‍ ഈ പ്രദേശത്തെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. വീടുകളും, സ്ഥലവും നഷ്ടപ്പെടുന്നവരുമായി ഹൈവേ അതോറിറ്റിയും, റവന്യു വകുപ്പും അടിയന്തതരമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കര്‍മസമിതി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പ്രദീപ് ചോമ്പാല, കണ്‍വീനര്‍ എടി മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. നിലവില്‍ ത്രീഡി വിഞ്ജാപനം ഇറക്കാതെ, നഷ്ടപരിഹാരം എത്രയെന്ന് നിശ്ചയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിനടത്തനുള്ള നീക്കം അനുവദിക്കില്ലെന്ന് ബൈപാസ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

RELATED STORIES

Share it
Top