അഴിമതി വാതില്‍ തുറന്ന് മദ്യം

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

പരമരഹസ്യമായി സംസ്ഥാനത്ത് മദ്യനിര്‍മാണശാലകള്‍ ആരംഭിച്ചതിനു പിന്നിലെ അഴിമതി പുറത്തുവന്നതോടെ അതു മൂടിവയ്ക്കാനുള്ള വെപ്രാളത്തിലാണ് സര്‍ക്കാര്‍. ഇടപാട് സംബന്ധിച്ച് ലളിതമായ പത്തു ചോദ്യങ്ങള്‍ കഴിഞ്ഞ മാസം 29നു ഞാന്‍ ചോദിക്കുകയുണ്ടായി. ഒന്നിനു പോലും ഇതുവരെ തൃപ്തികരമായ മറുപടി നല്‍കാന്‍ എക്‌സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം എന്നെ അപഹസിച്ചുകൊണ്ട് എക്‌സൈസ് വകുപ്പിനെ ഉപയോഗിച്ച് ആദ്യം പത്രക്കുറിപ്പ് ഇറക്കിക്കുകയാണ് ചെയ്തത്.
പിന്നീട് വസ്തുതകള്‍ വളച്ചൊടിച്ചും വിചിത്രമായി വ്യാഖ്യാനിച്ചും യുക്തിരഹിതമായ മുട്ടുന്യായങ്ങള്‍ നിരത്തിയും മുഖ്യമന്ത്രി രംഗത്തെത്തി. അതേ വാദഗതികളുമായി പിന്നാലെ എക്‌സൈസ് മന്ത്രിയും വന്നു. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം കൊണ്ട് സത്യത്തെ മൂടിവയ്ക്കാനാവില്ലല്ലോ.
ഇപ്പോള്‍ ബ്രൂവറികളും ഡിസ്റ്റിലറിയും കിട്ടിയ നാലു പേര്‍ മാത്രം (ഏഴു പേരുടെ അപേക്ഷയെന്നാണ് സര്‍ക്കാര്‍ പറയുന്നത്) ഇവ അനുവദിക്കാന്‍ പോകുന്നുവെന്ന വിവരം എങ്ങനെ അറിഞ്ഞുവെന്നതാണ് കാതലായ ചോദ്യം. 19 വര്‍ഷമായി സംസ്ഥാനത്ത് മദ്യനിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ തന്നെ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നു പറഞ്ഞ് നിരസിക്കുകയായിരുന്നു പതിവ്. അതിനാല്‍, ഇപ്പോള്‍ സാധാരണ ആരും അപേക്ഷിക്കാറില്ല. അപ്പോള്‍ എങ്ങനെ പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടനെ കുറച്ചു പേര്‍ അപേക്ഷയുമായി ഓടിയെത്തി? മണം പിടിച്ചുവന്നതാണോ ഇവര്‍? മദ്യത്തിനു ഗന്ധമുണ്ട്. മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴും ഗന്ധമുണ്ടാകുമോ?
19 വര്‍ഷമായി സര്‍ക്കാരുകള്‍ നിരസിച്ച ഒരു കാര്യം പുനരാരംഭിക്കുമ്പോള്‍ അത് പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ? അതിനു മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തരുന്ന മറുപടി കേട്ടാല്‍ ചിരിച്ചുപോകും. മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്നും അതിനായി കൂടുതല്‍ ശക്തമായി ഇടപെടല്‍ നടത്തുമെന്നും പ്രകടനപത്രികയിലും മദ്യനയത്തിലും പറയുന്നില്ലേ, പിന്നെ എന്താണ് കുഴപ്പം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ തുടങ്ങി മദ്യവര്‍ജനത്തെ പ്രോല്‍സാഹിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ച ഇവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണം. ചുവന്ന ചെമ്പരത്തിപ്പൂവ് എടുത്തുകാണിച്ച്, ഞാന്‍ പറഞ്ഞില്ലേ പച്ചയാണ് ഇതിന്റെ നിറം എന്നു വാദിക്കുന്നതുപോലെയാണിത്.
ഈ നയംമാറ്റം എന്തുകൊണ്ട് ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല, മന്ത്രിസഭയില്‍ കൊണ്ടുവന്നില്ല, ബജറ്റിലോ നയപ്രഖ്യാപനത്തിലോ പ്രഖ്യാപിച്ചില്ല എന്ന എന്റെ ചോദ്യത്തിന് അതിനേക്കാള്‍ രസകരമായ മറുപടിയാണ് കിട്ടുന്നത്. അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതും എക്‌സൈസ് മന്ത്രിയുടേതും. 19 വര്‍ഷമായി നിലനില്‍ക്കുന്ന ഒരു നയം മാറ്റുമ്പോള്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇടതു മുന്നണി യോഗം ചേരുന്നത്? ഒരു കലുങ്ക് നിര്‍മിക്കണമെങ്കില്‍ പോലും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പതിവുള്ള ഇടതു മുന്നണി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമ്പോള്‍ അത് ബജറ്റില്‍ നിന്ന് എന്തിനു മറച്ചുവച്ചു? ഇ കെ നായനാരും വി എസ് അച്യുതാനന്ദനും വേണ്ടെന്നു പറഞ്ഞത് പിണറായി എന്തിനു തുടങ്ങി? ഇതിനൊക്കെയുള്ള ഉത്തരം ലളിതമാണ്: ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ കൊണ്ടുവന്ന് ചെയ്യാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു ഇത്. അവിടെ കൊണ്ടുവന്നാല്‍ ഘടകകക്ഷികള്‍ അറിയും. മറ്റു മന്ത്രിമാരും അറിയും. രഹസ്യ ഇടപാട് നടക്കാതെ പോകും.
1999ലാണ് സംസ്ഥാനത്ത് മദ്യനിര്‍മാണശാലകള്‍ തുടങ്ങേണ്ടതില്ലെന്ന സുപ്രധാനമായ തീരുമാനം ഉണ്ടാകുന്നത്. അന്നു സിപിഎമ്മിന്റെ നേതാവ് ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. 98ല്‍ കുറച്ച് മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതോടെ ലൈസന്‍സിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ് നായനാര്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റിയെ വച്ചതും പിന്നീട് മദ്യശാലകളും നിര്‍മാണശാലകളും അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും. പിണറായിയെപ്പോലെ ഇതൊന്നും മന്ത്രിസഭയില്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് അന്ന് നായനാര്‍ ചിന്തിച്ചില്ല. അദ്ദേഹം മന്ത്രിസഭയില്‍ കൊണ്ടുവന്നു. 1999 സപ്തംബര്‍ 24ലെ മന്ത്രിസഭാ യോഗം അജണ്ടയ്ക്ക് പുറത്തുള്ള ഇനം 2 ആയിട്ടാണ് ഇതനുസരിച്ചു തീരുമാനമെടുത്തത്.
അത് അനുസരിച്ചുള്ള ഉത്തരവാണ് ആര്‍ടി നമ്പര്‍ 689/99/നി.വ ആയി പുറപ്പെടുവിച്ചിട്ടുള്ളത്. ഇതു വെറും എക്‌സിക്യൂട്ടീവ് ഉത്തരവാണെന്നാണ് പിണറായി സര്‍ക്കാര്‍ വാദിക്കുന്നത്. പക്ഷേ, അങ്ങനെയല്ല, നയപരമായ തീരുമാനം തന്നെയായിരുന്നു. അതിനാലാണ് കഴിഞ്ഞ 19 വര്‍ഷമായി മാറിമാറിവന്ന സര്‍ക്കാരുകള്‍ ഈ ഉത്തരവ് നയപരമായ തീരുമാനമാണെന്നു ചൂണ്ടിക്കാട്ടി പുതിയ മദ്യനിര്‍മാണശാലകള്‍ക്കുള്ള അനുമതി നിരസിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും എത്രയോ വ്യവഹാരങ്ങളുണ്ടായി. അവയിലെല്ലാം ഈ ഉത്തരവ് നയപരമായ തീരുമാനം തന്നെയാണെന്നു സര്‍ക്കാര്‍ പറയുകയും കോടതി അംഗീകരിക്കുകയും ചെയ്തതാണ്. ഇതെല്ലാം മണ്ടത്തരമാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരുകള്‍ എടുത്ത തീരുമാനവും കോടതികളില്‍ വന്ന വിധികളിലും 99ലെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം. കള്ളത്തരം മറച്ചുവയ്ക്കാന്‍ ഇത്രയും വലിയ സര്‍ക്കസ് നടത്തേണ്ടതുണ്ടോ?
2008ലെ വി എസ് സര്‍ക്കാര്‍ മദ്യനിര്‍മാണശാലകള്‍ക്കുള്ള അനുമതി നിഷേധിച്ചതും 99ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്. അപ്പോള്‍ വി എസ് സര്‍ക്കാര്‍ കാണിച്ചതും മണ്ടത്തരമാണെന്നാണോ പിണറായി സര്‍ക്കാര്‍ പറയുന്നത്? വിചിത്രമായ കാര്യം ഇതൊന്നുമല്ല. ഇപ്പോള്‍ മദ്യനിര്‍മാണശാലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലും 99ലെ ഈ ഉത്തരവ് ഉദ്ധരിക്കുന്നുണ്ട്. അതിനു മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നല്‍കുന്നത് അദ്ഭുതകരമായ മറുപടിയാണ്. ആ ഉത്തരവിന്റെ അര്‍ഥം മനസ്സിലായി എന്നു സൂചിപ്പിക്കാനാണ് അത് ഉദ്ധരിച്ചതെന്നാണ്. അതായത്, മദ്യനിര്‍മാണശാലകള്‍ തുടങ്ങരുതെന്നാണ് ഉത്തരവെന്നു മനസ്സിലായി, അതിനാല്‍ അനുവദിക്കുന്നു.
പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ മുനയൊടിക്കുന്നതിന് ഇടതു മുന്നണിയുമായി ബന്ധമുള്ള ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ശ്രീചക്ര ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയല്‍ തന്നെ സര്‍ക്കാരിന്റെ കള്ളക്കളികളെല്ലാം പുറത്തുകൊണ്ടുവരുന്നതിനുള്ള തെളിവാണ്. 1999ലെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തു മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി മാത്രമേ ശ്രീചക്രയ്ക്ക് ഡിസ്റ്റിലറിക്കുള്ള അനുമതി നല്‍കാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരിക്കുന്നത്.
അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിച്ചു. പക്ഷേ, മന്ത്രിസഭയില്‍ വയ്ക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം തള്ളി ശ്രീചക്ര ഡിസ്റ്റിലറീസിന് തൃശൂര്‍ ജില്ലയില്‍ വിദേശമദ്യ നിര്‍മാണത്തിന് യൂനിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചതോടെ തീരുമാനമായി. ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top